ദേശീയപാതയിൽ തീരാതെ ദുരിതം; അപകടങ്ങൾ അടിക്കടി
1458688
Thursday, October 3, 2024 6:40 AM IST
കൊരട്ടി: ദേശീയപാത കൊരട്ടി, മുരിങ്ങൂർ, ചിറങ്ങര മേഖലയിൽ സുരക്ഷയൊരുക്കാതെയുള്ള നിർമാണപ്രവൃത്തികൾ തുടർച്ചയായി അപകടങ്ങളുണ്ടാക്കുന്നു.
രണ്ടുദിവസങ്ങളിലായി നാല് അപകടങ്ങളാണ് ഉണ്ടായത്. സിഗ്നൽ ജംഗ്ഷനുകളിൽ അടിപ്പാത - മേല്പാല നിർമാണങ്ങൾക്കായി പ്രധാനപാത അടച്ചുകെട്ടുമ്പോൾ വാഹനങ്ങൾ വഴിതിരിച്ചുവിടാൻ ബദൽറോഡുകളുടെയും കാനകളുടെയും നിർമാണമാണ് നിലവിൽ പുരോഗമിക്കുന്നത്. പണിനടക്കുമ്പോൾ പാലിക്കേണ്ട യാതൊരു സുരക്ഷാ ക്രമീകരണങ്ങളും കരാർകമ്പനിയുടെയോ ദേശീയപാത അഥോറിറ്റിയുടെയോ ഭാഗത്തുനിന്ന് ഇല്ലെന്ന് നാളുകളായി പരാതിയുണ്ട്. വിഷയം ഉദ്യോഗസ്ഥവൃന്ദത്തിന്റെയും ജനപ്രതിനിധികളുടെയും ശ്രദ്ധയിൽപ്പെട്ടിട്ടും കണ്ണടയ്ക്കുകയാണ്.
കഴിഞ്ഞദിവസം ചിറങ്ങര അമ്പലത്തിനുസമീപം ബൈക്ക് യാത്രികൻ നിർമാണത്തിലിരിക്കുന്ന കാനയിലേക്കുവീണ് നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു. ചിറങ്ങര സിയോൻ സെമിനാരിക്ക് സമീപം പോക്കറ്റ് റോഡിലൂടെ കാറിൽവന്നയാൾ കാറുമായി കാനയിലേക്കു വീണു. കൊരട്ടി ജംഗ്ഷനിൽനിന്നു ജമുന നഗറിലേക്കുള്ള വളവിൽ സ്കൂട്ടറിൽ സഞ്ചരിച്ച വെട്ടിയാടൻ പൗലോസ് കാനയിലേക്കു തെന്നിവീണ് കൈ ഒടിഞ്ഞു.
കൊരട്ടി സർവീസ് സഹകരണ ബാങ്കിനുസമീപം നിർമാണത്തിനായി കെട്ടിയ കമ്പിയിൽ തട്ടി ഒരാൾ വീണതും കഴിഞ്ഞനാളിലാണ്.
നിർമാണം നടക്കുന്ന മൂന്നിടങ്ങളിലും അപകടസാധ്യത ഏറെയാണ്. കൊരട്ടി ജംഗ്ഷനുവടക്ക് സഹകരണ ബാങ്കിനു സമീപം കാനകൾക്കായി കുഴിച്ച ഭാഗത്തെ ആഴവും വീതിയും ഭീതിയുളവാക്കുന്നതാണ്. ഇതിന്റെ ഓരംപിടിച്ചുവേണം പ്രദേശത്തെ ബാങ്കുകളിലും വാണിജ്യസ്ഥാപനങ്ങളിലുമെത്താൻ.
കാനകളുടെയും ബദൽ റോഡിന്റെയും നിർമാണം എട്ടിനകം പൂർത്തിയാക്കുമെന്നായിരുന്നു കൊരട്ടിമുത്തിയുടെ തിരുനാളിനു മുന്നോടിയായി പഞ്ചായത്ത് വിളിച്ചുചേർത്ത അവലോകന യോഗത്തിൽ ഹൈവേ അധികൃതർ അറിയിച്ചിരുന്നത്. എന്നാൽ ഉറപ്പുകൾ പ്രായോഗികമാകാൻ സാധ്യതയില്ല. ഇതരസംസ്ഥാനക്കാരായ തൊഴിലാളികൾ പൂജാ അവധികളിൽ നാട്ടിലേക്കു പോയിത്തുടങ്ങി. ഇപ്പോൾ ഏതാനും തൊഴിലാളികൾ മാത്രമാണ് നിർമാണപ്രവർത്തനങ്ങൾക്കുള്ളത്.
കൊരട്ടിയിലെ മേല്പാലത്തിന്റെയും സർവീസ് റോഡിന്റെയും നിർമാണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ചചെയ്ത് തുടർപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് സേവ് കൊരട്ടിയുടെ ആഭിമുഖ്യത്തിൽ ജനപ്രതിനിധികളെയും വിവിധ സംഘടനകളെയും പരിസരവാസികളുടെയും പൊതുയോഗം ഇന്ന് രാവിലെ 10.30 ന് കൊരട്ടി വ്യാപാരഭവനിൽ നടക്കും.