പൊലിമ പുതുക്കാട് പദ്ധതി അഞ്ചാംഘട്ടം വിളവെടുപ്പ് പൂര്‍ത്തിയായി
1458440
Wednesday, October 2, 2024 7:56 AM IST
കല്ലൂര്‍: പൊലിമ പുതുക്കാട് പദ്ധതി അഞ്ചാംഘട്ടം വിളവെടുപ്പു പൂര്‍ത്തിയായി. മണ്ഡലത്തിലെ നാല്‍പ്പതിനായിരം സ്ത്രീകളെ കൃഷിയിലേക്ക് എന്ന ലക്ഷ്യത്തോടെയാണു പദ്ധതി നടപ്പാക്കിയത്. പദ്ധതിയുടെ അഞ്ചാംഘട്ടം ജൂലൈ ആറിനു തൃക്കൂരിലായിരുന്നു തുടക്കം.
കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ മൂന്നുലക്ഷം രൂപ ചെലവഴിച്ച് 1,40,000 തൈകള്‍ വിതരണം ചെയ്തിരുന്നു. വിവിധ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് 3,50,000 തൈകള്‍ പദ്ധതി വഴി ഓണവിപണി ലക്ഷ്യമാക്കി കൃഷി ഇറക്കിയിരുന്നു. കൂടാതെ 20,198 വ്യത്യസ്ത ഇനം തൈകളും 6000 പാക്കറ്റ് വിത്തും കൃഷിവകുപ്പ് വഴി വിതരണം ചെയ്തു.
പൊലിമയുടെ പച്ചക്കറി കൃഷി വിളവെടുപ്പ് കെ.കെ. രാമചന്ദ്രന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. തൃക്കൂര് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ്, കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്. രഞ്ജിത്ത്, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. എസ്. സ്വപ്ന, കുടുംബശ്രീ ജില്ലാ മിഷന് കോ-ഒാർഡിനേറ്റര്‍ ഡോ. യു. സനില്‍, നെന്മണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ബൈജു, വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന് എന്നിവര്‍ സംസാരിച്ചു.