പൂക്കള്‍ വിരിഞ്ഞപ്പോൾ ഓണംകഴിഞ്ഞു, കര്‍ഷകര്‍ക്കു നിരാശ;
1458061
Tuesday, October 1, 2024 7:22 AM IST
പുതുക്കാട്: ഓണത്തിന് പൂക്കളമൊരുക്കാന് മലയാളികള്‍ ചെണ്ടുമല്ലിപ്പൂക്കളെ കൂടുതലായി ഉപയോഗിച്ചുതുടങ്ങിയതോടെ ഇവയ്ക്ക് ഡിമാന്‍ഡ് ഏറിയിരുന്നു.
അടുത്തകാലത്തായി വരവുപൂക്കളെ ആശ്രയിക്കുന്നതിനുപകരം നാട്ടിന്‍പുറങ്ങളില്‍ പൂകൃഷി വ്യാപകമായി തുടങ്ങി. കുടുംബശ്രീയും ചെറുകിട കര്‍ഷകരും ഇത്തരത്തില്‍ പൂകൃഷി ആരംഭിച്ചതോടെ പൂക്കളങ്ങള്‍ തദ്ദേശിയമായി കൃഷിചെയ്ത പൂക്കള്‍ കെെയടക്കിവരികയായിരുന്നു. എന്നാല്‍ ഇത്തവണ ഓണത്തിനു തരക്കേടില്ലാത്ത വിപണി ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ പൂകൃഷിചെയ്ത ഭൂരിഭാഗം കര്‍ഷകരെയും സങ്കടത്തിലാക്കിയിരിക്കുകയാണ്. ഓറഞ്ച്, മഞ്ഞ എന്നീ നിറങ്ങളിലുള്ള ചെണ്ടുമല്ലികളാണ് ഓണത്തിനായി കര്‍ഷകര്‍ കൃഷിചെയ്തത്.
വരന്തരപ്പിള്ളി അമ്മുകുളത്ത് ഭൂമി പാട്ടത്തിനെടുത്ത് പൂകൃഷി നടത്തിയ ചക്കേരി വീട്ടില്‍ ലീല, തേര്‍മഠം ഓമന എന്നിവരുടെ ഓറഞ്ചുപൂക്കള്‍ വിരിഞ്ഞത് ഓണംകഴിഞ്ഞാണ്.
പൊലിമ പുതുക്കാട് പദ്ധതിയിലെ പുഷ്പഗ്രാമത്തില് ഉള്‍പ്പെടുത്തിയാണ് ഇരുവരും ചെണ്ടുമല്ലികൃഷി നടത്തിയത്. 1500 ഹൈബ്രിഡ് ചെടികളാണ് കൃഷിവകുപ്പില്‍നിന്ന് വാങ്ങിയത്. ഓണക്കാലത്ത് ചെണ്ടുമല്ലിപ്പൂ ക്കള്‍ക്ക് കിലോയ്ക്ക് 150 രൂപയിലേറെ വിലയുണ്ടായിരുന്നു ഇപ്പോള്‍ 20 രൂപയ്ക്കുപോലും പൂക്കള്‍ എടുക്കാന്‍ ആളില്ലാത്ത സ്ഥിതിയായി.
തമിഴ്നാട്ടില്‍നിന്ന് എത്തിക്കുന്ന പൂക്കള്‍ നാലുദിവസം വരെ കേടുകൂടാതെ ഇരിക്കുമെന്നും നാട്ടില്‍ കൃഷിചെയ്ത പൂക്കള്‍ രണ്ടുദിവസത്തില്‍ കൂടുതല്‍ ഇരിക്കില്ലെന്നുമാണ് പൂക്കടക്കാര്‍ പറയുന്നത്. നിശ്ചിതകാലത്തേക്ക് ഭൂമി പാട്ടത്തിനെടുത്ത് പൂ കൃഷി നടത്തിയ കര്‍ഷകര്‍ക്കു ഭൂമി തിരിച്ചുകൊടുക്കേണ്ട സമയമായിട്ടും പൂക്കള്‍ വിറ്റുപോകാത്തത് തിരിച്ചടിയാവുകയാണ്.
തദ്ദേശീയമായി കൃഷി നടത്തുന്ന കര്‍ഷകരുടെ പൂക്കള്‍ ന്യായമായ വിലയ്ക്ക് വില്പന നടത്താന്‍ വിപണിയൊരുക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.