താലൂക്ക് ആശുപത്രി: പുതിയ കെട്ടിടനിർമാണം അടുത്ത മാസം; ചെലവ് 10.60 കോടി
1454526
Friday, September 20, 2024 1:55 AM IST
ചാവക്കാട്: ചേറ്റുവ രാമുകാര്യാട്ട് സ്മാരകത്തിന്റെയും ചാവക്കാട് താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം ഒക്ടോബര്‍ ആദ്യവാരത്തില്‍ നടത്താന്‍ തീരുമാനം.
10.60 കോടി രൂപയാണ് താലൂക്ക് ആശുപത്രി കെട്ടിടത്തിന്. മൂന്ന് കോടി രൂപ ചെലവിലാണ് രാമുകാര്യാട്ട് സ്മാരകം നിര്‍മിക്കുന്നത്. ചാവക്കാട് പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ എൻ.കെ. അക്ബർ എംഎൽഎയുടെ അധ്യക്ഷതയിൽ ചേര്‍ന്ന ഗുരുവായൂർ നിയോജക മണ്ഡലം പൊതു മരാമത്ത് പ്രവൃത്തികളുടെ മോണിറ്ററിംഗ് കമ്മിറ്റി യോഗത്തിലാണു തീരുമാനമായത്.
മണ്ഡല ത്തിലെ റോഡുകൾ, പാലങ്ങൾ, കെട്ടിടങ്ങൾ, ഇറിഗേഷന്‍ പദ്ധതികള്‍, വാട്ടര്‍ അഥോറിറ്റി പദ്ധതികള്‍, ഹാർബർ പ്രവൃത്തികള്‍ തുടങ്ങിയവയുടെ പുരോഗതി യോഗം വിലയിരുത്തി. ചാവക്കാട് കോടതി കെട്ടിട നിര്‍മാണം ദ്രുതഗതിയില്‍ നടക്കുന്നതായും ജനുവരിയിൽ നിര്‍മാണം പൂര്‍ത്തീകരിക്കുമെന്നും സ്പെഷല്‍ ബില്‍ഡിംഗ് വിഭാഗം അസി.എക്സി. എൻജിനീയർ യോഗത്തെ അറിയിച്ചു.
പഞ്ചായത്ത് പ്രസിഡന്റുമാരായ ജാസ്മിൻ ഷഹീർ, ടി.വി. സുരേന്ദ്രൻ, വിജിത സന്തോഷ്, എൻജിനീയർമാരായ പി. രേഖ,
എച്ച്.ജെ. നീലിമ, ലിസി ജോർജ്, ടി.എസ്. മിനി, കെ.എ. നവീൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.