ഓണം വിപണി: കുടുംബശ്രീക്കു മൂന്നുകോടി വിറ്റുവരവ്
1454525
Friday, September 20, 2024 1:55 AM IST
തൃശൂർ: ഓണവിപണിയിൽ മൂന്നുകോടിയിലേറെ വിറ്റുവരവുനേടി തൃശൂർ കുടുംബശ്രീ.
ജില്ലയിലെ എല്ലാ സിഡിഎസുകളിലുമായി നടന്ന വിപണനത്തിൽ മികച്ച നേട്ടമാണു കൈവരിച്ചത്. ജില്ലാതലത്തിൽ കളക്ടറേറ്റ് അങ്കണത്തിലും നടത്തറ സിഡിഎസിലും കുടുംബശ്രീ ബസാറിലുമടക്കം 186 ഓണം വിപണനമേളകൾ നടത്തി.
കുടുംബശ്രീയുടെ ബ്രാൻഡഡ് ഉത്പന്നമായ ഫ്രഷ് ബൈറ്റ്സിന്റെ ശർക്കരവരട്ടിയും കായ വറുത്തതും ബ്രാൻഡഡ് കറി പൗഡറുകളും അടക്കം വിപണിയിൽ ശ്രദ്ധേയമായി.
ഓണക്കനിയും നിറപ്പൊലിമയുമായി 2333.03 ഏക്കറിൽ കൃഷിചെയ്ത വിവിധയിനം പച്ചക്കറികളും പൂകൃഷികളും നിറപ്പകിട്ടേകി.
3230 ചെറുകിടസംരംഭങ്ങളും 1951 ജെഎൽജികളും ചേർന്നുനടത്തിയ വില്പനയിൽ 3,28,76,430 രൂപയാണു ലഭിച്ചത്. വരുംകാലങ്ങളിൽ പൂവ്, പച്ചക്കറികൃഷികളിൽ മികച്ച നേട്ടം കൈവരിക്കാൻ ജില്ലയിൽ കൃഷികൾ വ്യാപിപ്പിക്കും.
ഫ്രഷ് ബൈറ്റ്സും കറി പൗഡറുകളും പൊതുവിപണിയിൽ ലഭ്യമാക്കുന്നതിനു വേണ്ടിയുള്ള നടപടികൾ തുടങ്ങിയെന്നു ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ഡോ. യു. സലിൽ അറിയിച്ചു.