പെണ്ഗർജനമായി നിമിഷയും അനീഷയും
1454259
Thursday, September 19, 2024 1:42 AM IST
തൃശൂർ: തുടർച്ചയായ രണ്ടാംവർഷവും പുലിയായി മോഡലും സിനിമാതാരവുമായ നിമിഷ ബിജോ. കൂട്ടായി സഹോദരി അനീഷ ബിജോയിയും. പുലിയാവേശം കൊട്ടിക്കയറിയ തൃശൂരിൽ ഇത്തവണയും പുലിയാകണമെന്ന ആഗ്രഹംപ്രകടിപ്പിച്ച താരത്തെ പൂങ്കുന്നം സീതാറാംമിൽ ദേശം ഇരുകൈയുംനീട്ടി സ്വീകരിക്കുകയായിരുന്നു.
ചാലക്കുടിക്കാരിയും ഇടപ്പള്ളിയിലെ താമസക്കാരിയുമായ നിമിഷയ്ക്ക് പുലിക്കളിയാവേശം തുടങ്ങിയിട്ട് കാലംകുറേയായി. ആ ആഗ്രഹം ആദ്യമറിയിച്ചത് മറ്റൊരു ദേശത്തെയായിരുന്നുവെങ്കിലും അവർ പറ്റില്ലെന്നുപറഞ്ഞതാണ് സീതാറാംമിൽ ദേശത്തെ സമീപിക്കാൻ ഇടയാക്കിയത്. നിമിഷയുടെ ആഗ്രഹവും ആവേശവും മനസിലാക്കിയ ദേശത്തെ കാര്യക്കാർ സമ്മതിച്ചു. അങ്ങനെ ആദ്യമായി പുലിവേഷംകെട്ടിയ നിമിഷ സോഷ്യൽ മീഡിയയിലും നിറഞ്ഞുനിന്നു.
പുലിക്കളി ആശാൻ ആർട്ടിസ്റ്റ് പ്രസാദാണ് ഇത്തവണയും ഇവർക്ക് പുലിച്ചായമിട്ടത്. എല്ലാ സ്ത്രീകൾക്കുമുള്ളിൽ ഓരോ പുലിയുണ്ടെന്നും അതുപുറത്തുവരാൻ ഇത്തരം മത്സരങ്ങളുടെ ഭാഗമാകണമെന്നും നിമിഷ പറഞ്ഞു. തടിയുടെപേരിൽ പലവട്ടം ബോഡിഷെയിമിംഗിന് ഇരയായ തനിക്ക് ഷൈൻചെയ്യാൻ കിട്ടിയ അവസരമാണിതെന്നും ജീവിതകാലംമുഴുവൻ ദേശത്തിന്റെ പുലിക്കളിയുടെ ഭാഗമാകുമെന്നും അവർ പറഞ്ഞു.
താരത്തിനൊപ്പം കൂട്ടായി വന്ന സഹോദരി അനീഷ ബിജോയിക്ക് മടകളിലെ പുലിക്കളി ആവേശം കണ്ടതോടെയാണ് പുലിയാകാൻ ആഗ്രഹം തോന്നിയത്. നർത്തകിയും ബ്യൂട്ടിഷനുമായ അനീഷ നെല്ലിക്കുന്നിലാണ് താമസം. പിന്തുണയേകി സഹോദരി ഒപ്പംകൂടിയതോടെ ഡബിൾ ഓക്കെ പറഞ്ഞ് ദേശവും കട്ടയ്ക്കു കൂടെനിന്നുവെന്നും തുടർന്നും പുലിക്കളിയുടെ ഭാഗമാകുമെന്നും അവർ കൂട്ടിച്ചേർത്തു.