തൃശൂരിന്റെ മനം കീഴടക്കി കുമ്മാട്ടിക്കൂട്ടങ്ങൾ
1453789
Tuesday, September 17, 2024 1:51 AM IST
തൃശൂർ: ശിവനും ഗണപതിയും ഹനുമാനും കൂടെ കാളിയും തെയ്യവും നഗരത്തിലിറങ്ങി. പുലിക്കളിക്കു മുൻപേ തൃശൂരിന്റെ മനംകീഴടക്കി കുമ്മാട്ടിക്കൂട്ടങ്ങൾ. ഓണാഘോഷങ്ങൾ കൊട്ടിക്കയറിയ ഗ്രാമവീഥികൾ വിസ്മയക്കാഴ്ചയൊരുക്കിയാണ് കുമ്മാട്ടിക്കൂട്ടങ്ങൾ കൈയടക്കിയത്. പർപ്പടകപ്പുല്ലും വാഴയിലയും കെട്ടിവരിഞ്ഞ ദേഹവും മരത്തിൽ തീർത്ത മുഖംമൂടികളുമാണ് കുമ്മാട്ടികൾക്ക്. താളമേളവാദ്യലയങ്ങളോടെ ചുവടുവച്ച് കുമ്മാട്ടികൾ ഒരിക്കൽക്കൂടി ഓണാഘോഷത്തിന്റെ വൈവിധ്യം അനുഭവിപ്പിച്ചു.
ഇന്നലെ കിഴക്കുംപാട്ടുകര തെക്കുമുറി വിഭാഗം, നായ്ക്കനാൽ, സാരഥി ഒല്ലൂക്കര, പെരിങ്ങാവ് ധന്വന്തരി കുമ്മാട്ടി സമിതി, ഒരുമ ദേശക്കുമ്മാട്ടി നടത്തറ, സർഗ കുറ്റൂർ, ടീംസ് വടൂക്കര ആർട്സ് ആന്റ് സ്പോർട്സ് ക്ലബ് തുടങ്ങിയവയുടെ നേതൃത്വത്തിലും ഞായറാഴ്ച കിഴക്കുംപാട്ടുകര പൃഥ്വി, കണ്ണംകുളങ്ങര, നെല്ലങ്കര തുടങ്ങിയ വിവിധ വിഭാഗങ്ങളുടെയും കുമ്മാട്ടികളുമാണ് കൊട്ടിക്കയറിയത്. പരന്പരാഗതമായി ഏറ്റവും കൂടുതൽ കുമ്മാട്ടികൾ അണിനിരക്കുന്ന കിഴക്കുംപാട്ടുകര വടക്കുംമുറിയുടെ കുമ്മാട്ടി മഹോത്സവം ഇന്ന് നടക്കും. ഇത്തവണ 51 കുമ്മാട്ടികളാണ് അണിനിരക്കുക.
പനംമുക്കുംപ്പള്ളി ശാസ്താക്ഷേത്രത്തിൽ നടക്കുന്ന കുമ്മാട്ടിക്കളിക്കുശേഷം അന്പലനടയിൽ നാളികേരമുടച്ച് ആചാരാനുഷ്ഠാനങ്ങളോടെ ക്ഷേത്രാങ്കണത്തിൽനിന്നു കുമാമിട്ടിയിറങ്ങും. നാഗസ്വരം, തെയ്യം, തിറ, തംബോലം, ചെട്ടിവാദ്യം, പ്രച്ഛന്നവേഷങ്ങൾ എന്നിവയോടെയാണ് അണിനിരക്കുക. എസ്എൻഎ ഔഷധശാല വേട്ടയ്ക്കൊരുമകൻ ക്ഷേത്രപരിസരംവഴി സഞ്ചരിച്ച് തോപ്പ് സ്റ്റേഡിയത്തിൽ പ്രവേശിക്കുന്ന കുമ്മാട്ടികൾ രാത്രി ഏഴരയ്ക്കു ഘോഷയാത്രയോടെ തിരികെ ശാസ്താകോർണറിലെത്തി സമാപിക്കും.
എടക്കുന്നി കുമ്മാട്ടി, ചേർപ്പ് കുമ്മാട്ടി കരിക്കുളം ദേശം, സമനീയ കലാവേദി കിഴക്കുംപാട്ടുകര, അയ്യപ്പൻകാവ് ദേശം കുമ്മാട്ടി വടൂക്കര തുടങ്ങിയ വിഭാഗങ്ങളും ഇന്ന് അരങ്ങേറും. ജില്ലയ്ക്ക് അകത്തും പുറത്തുനിന്നുമായി നിരവധി പേരാണ് കുമ്മാട്ടിക്കളി ആസ്വദിക്കാനായി എത്തുന്നത്.