ഗുരുവായൂരപ്പനു മുന്നില്‍ കാഴ്ചക്കുലകളുടെ സമൃദ്ധി
1453527
Sunday, September 15, 2024 5:34 AM IST
ഗുരുവായൂര്‍: ഉത്രാടകാഴ്ചക്കുല സമര്‍പ്പണത്തിന് ഗുരുവായൂരപ്പന്റെ സ്വര്‍ണക്കൊടിമരത്തിനു മുന്നില്‍ സ്വര്‍ണവര്‍ണത്തിലുള്ള കാഴ്ചക്കുലകളുടെ സമൃദ്ധി.
രാവിലെ ശീവേലിക്കുശേഷമാണ് കാഴ്ചക്കുലസമര്പ്പണചടങ്ങ് ആരംഭിച്ചത്. കൊടിമരത്തിനുചുവട്ടില് അരിമാവണിഞ്ഞതിനുമുകളില് നാക്കിലയില്‍ മേല്‍ശാന്തി പള്ളിശേരി മധുസൂദനൻ നമ്പൂതിരി ആദ്യകുല സമര്‍പ്പിച്ചു.ക്ഷേത്രം അടിയന്തിരക്കാരന്‍ പുതിയേടത്ത് ആനന്ദന് കുത്തുവിളക്കുമായി അകമ്പടിയായി.
മേല്‍ശാന്തി സമര്‍പ്പിച്ചതിനുശേഷം ശാന്തിയേറ്റ കീഴ്ശാന്തിമാരായ തേലമ്പറ്റ നാരായണൻ നമ്പൂതിരി, വേങ്ങേരി ചെറിയ കേശവൻ നമ്പൂതിരി എന്നിവർ സമർപ്പിച്ചു. തുടർന്ന് ദേവസ്വം ചെയര്മാന് ഡോ. വി.കെ. വിജയൻ, ഭരണസമിതി അംഗങ്ങളായ സി. മനോജ്, കെ.പി. വിശ്വനാഥൻ,അഡ്മിനിസ്ട്രേറ്റര്‍ കെ.പി. വിനയൻ, ക്ഷേത്രം ഡിഎ പ്രമോദ് കളരിക്കൽ എന്നിവരും ഭക്തജനങ്ങളും കുലകള്‍ സമര്‍പ്പിച്ചു.
ബിജെപി സംസ്ഥാനപ്രസിഡന്റ്് കെ. സുരേന്ദ്രൻ കാഴ്ചക്കുല സമർപ്പിക്കാൻ ക്ഷേത്രത്തിൽ എത്തിയിരുന്നു. നൂറുകണക്കിന് കുലകള്‍ ഭഗവാനു തിരുമുല്‍ക്കാഴ്ചയായി ലഭിച്ചു. കുലകളില്‍ ഒരുഭാഗം ആനകള്‍ക്കു നല്കി. ഒരുഭാഗം തിരുവോണദിനത്തിലെ വിശേഷാൽ പ്രസാദ ഊട്ടിന് പഴപ്രഥമന്‍ തയാറാക്കുന്നതിന് ഉപയോഗിക്കും. ബാക്കിയുള്ളത് ലേലംചെയ്ത് ഭക്തര്‍ക്കു നല്‍കും.
കാഴ്ചക്കുലസമര്പ്പണത്തിനെത്തിയ ഭക്തരെ ക്ഷേത്രനാലമ്പലത്തിനകത്തേക്ക് പ്രവേശിപ്പിക്കാതിരുന്നതിനാല്‍ ഭക്തര്‍ പ്രതിഷേധിച്ചു. കഴിഞ്ഞ വര്‍ഷം കാഴ്ചക്കുല സമര്‍പ്പണദിനത്തില്‍ ഭക്തര്‍ക്ക് നാലമ്പല പ്രവേശന കവാടത്തില്‍നിന്ന് തൊഴുന്നതിന് അനുമതി നല്‍കിയിരുന്നു.
തിരുവോണനാളായ ഇന്നു ഗുരുവായൂരപ്പന് ഓണപ്പുടവസമര്പ്പണം നടക്കും. പുലര്‍ച്ചെ ക്ഷേത്രം ഊരാളന്‍ മല്ലിശേരി പരമേശ്വരന് നമ്പൂതിരിപ്പാട് ആദ്യ ഓണപ്പുടവ ഭഗവാനു സമര്‍പ്പിക്കും. പിന്നീട് ഭക്തര്‍ക്ക് ഓണപ്പുടവ സമര്‍പ്പിക്കാനാകും. ഉഷഃപൂജവരെയാണ് ഓണപ്പുടവസമര്പ്പണം. തിരുവോണ ദിവസം ഭക്തര്‍ക്കു വിഭവസമൃദ്ധമായ തിരുവോണസദ്യയും നൽകും.