നഗരം ഓണത്തിരക്കിൽ, ഉത്രാടപ്പാച്ചിൽ കലക്കും !
1453125
Saturday, September 14, 2024 12:18 AM IST
സ്വന്തം ലേഖകന്‍
തൃശൂര്‍: ഇതിനകം ഓണത്തിരക്കിൽ മുങ്ങിയ നാടും നഗരവും ഇന്ന് ഓണവട്ടങ്ങൾ വാങ്ങിക്കൂട്ടാനുള്ള ഉത്രാടപ്പാച്ചിലിൽ അമരും.
ചിങ്ങം പിറന്നതോടെ തുടങ്ങിയ ഓണഒരുക്കങ്ങൾ അത്തം പിറന്നതോടെ ഉഷാറായി ഉത്രാടത്തിലെ കൂട്ടപ്പൊരിച്ചിലിൽ എത്തിനിൽക്കുകയാണ്. ഇത്തവണ അത്തംമുതൽ മൂലംനാൾവരെ മഴസാന്നിധ്യമുണ്ടായിരുന്നെങ്കിലും ഓണത്തിരക്കുകളെ ഒട്ടും ബാധിച്ചില്ല. ഇന്നലെ പൂരാടംനാൾ മുതൽ വാനം നീലിമയാർന്നും സ്വർണവെയിൽ പൊഴിച്ചും ഓണനിലാവിനു സ്വാഗതമരുളി.
തൃശൂരിന്റെ ഓണത്തിരക്കുകളുടെ വിശ്രമകേന്ദ്രമായ തേക്കിൻകാട് മൈതാനത്ത് ഇന്നലെ സെൽഫി, റീൽസ് കൗമാരങ്ങളുടെ അർമാദമായിരുന്നു. സ്കൂൾ, കോളജ് വിദ്യാർഥികളെക്കൂടാതെ വിവിധ ഓഫീസുകളിൽ ഓണാഘോഷങ്ങൾക്കു കോടിയണിഞ്ഞെത്തിയവരും മൊബൈൽ ചിത്രീകരണം ആസ്വദിച്ചു.
മഴയൊഴിഞ്ഞതിനാൽ വൈകീട്ടും നഗരത്തിൽ വൻതിരക്കായിരുന്നു. പലചരക്ക്, പച്ചക്കറി, തുണിക്കട, പൂക്കട എന്നിവിടങ്ങളിലെല്ലാം ആളുകൾ കുടുംബത്തോടെ എത്തി. വടക്കുന്നാഥന്റെ പടിഞ്ഞാറെനടയിലുള്ള താത്കാലിക പൂക്കച്ചവടകേന്ദ്രങ്ങളിൽ പുലർച്ചെമുതൽ തിരക്ക് അനുഭവപ്പെട്ടു. തെക്കേനടയിൽ കളിമൺപാത്രക്കച്ചവടവും തുണിക്കച്ചവടവും പൊടിപൊടിച്ചു.
മണ്ണുകൊണ്ടും മരംകൊണ്ടും തീര്‍ത്ത തൃക്കാക്കരപ്പന്റെ രൂപങ്ങളും കടലാസ് പൂക്കളും ധാരാളമാളുകൾ വാങ്ങുന്നുണ്ട്. റൗണ്ടിലടക്കം വഴിയോരത്തെ ഓണക്കച്ചോടം തകൃതിയാണ്. ജയ്ഹിന്ദ് മാർക്കറ്റ്, അരിയങ്ങാടി, എരിഞ്ഞേരി അങ്ങാടി, ശക്തൻ പച്ചക്കറി മാർക്കറ്റ് എന്നിവിടങ്ങളെല്ലാം ഓണവട്ടങ്ങൾ വാങ്ങിക്കൂട്ടുന്നവരാൽ നിബിഡമായിരുന്നു. നഗരത്തിലും പ്രാന്തപ്രദേശങ്ങളിലുമുള്ള സൂപ്പര്‍മാര്‍ക്കറ്റുകളിലും ഷോപ്പിംഗ് മാളുകളിലും ഗംഭീര തിരക്ക്. പായസമേളകളും റെഡിമെയ്ഡ് സദ്യകളും എല്ലായിടത്തും തുടങ്ങിക്കഴിഞ്ഞു. തൂശനിലയ്ക്കു വൻ ഡിമാൻഡാണ്.
പച്ചക്കറിയുടെയും നേന്ത്രപ്പഴം, നേന്ത്രക്കായ എന്നിവയുടെയും വില കൂടിയിട്ടുണ്ടെങ്കിലും ആവശ്യക്കാരേറെയാണ്. കായവറുത്തതും ശര്‍ക്കരഉപ്പേരിയും വന്‍തോതിലാണ് വിറ്റുപോകുന്നത്. ഓണം റിലീസ് സിനിമകള്‍ കാണാന്‍ തിയേറ്ററുകള്‍ക്കു മുന്നിൽ ക്യൂവാണ്. റോഡിലെ വാഹനങ്ങളുടെ തിരക്കാണ് അസഹനീയം. കൂടുതൽ ആളുകളും കാറുകളിലും ബൈക്കുകളിലുമെത്തുന്നതിനാൽ പാർക്കിംഗിനും ബുദ്ധിമുട്ട് അനുഭവപ്പെട്ടു.
ഉത്രാടത്തിനു നഗരത്തിൽ വരുന്നവർ പരമാവധി പൊതുവാഹനങ്ങൾ ഉപയോഗിക്കണമെന്നു ട്രാഫിക് പോലീസ് ആവശ്യപ്പെട്ടു. വാഹനത്തിരക്ക് നിയന്ത്രിക്കാൻ വൻ പോലീസ് സന്നാഹവുമുണ്ട്.