മോഷണം; ക്ഷേത്രത്തില്‍നിന്ന് പണവും വീട്ടില്‍നിന്ന് വസ്ത്രവും കവര്‍ന്നു
1451666
Sunday, September 8, 2024 6:40 AM IST
കോലഴി: കൊട്ടാരം മൂകാംബിക ക്ഷേത്രത്തില്‍ മോഷണം. രണ്ട് ഭാണ്ഡാരങ്ങള്‍ കുത്തിപ്പൊളിച്ച് പണംകവര്‍ന്നു. ശ്രീകോവിലിന്റെ ഓടുപൊളിച്ച് ഉള്ളില്‍കടന്ന മോഷ്ടാവ് ഭണ്ഡാരത്തിലെ പണവും മോഷ്ടിച്ചു. ക്ഷേത്രകല്യാണമണ്ഡപത്തില്വച്ചിരുന്ന കോണി ഉപയോഗിച്ചാണ് മോഷ്ടാവ് ഓടുപൊളിച്ച് ഉള്ളില്‍ കടന്നത്.
ഭണ്ഡാരത്തില് ഉണ്ടായിരുന്ന നോട്ടുകള്‍മാത്രം എടുത്ത് നാണയത്തുട്ടുകള്‍ ഉപേക്ഷിച്ച് മോഷ്ടാവ് രക്ഷപ്പെട്ടു. ക്ഷേത്രത്തിന്റെ 200 മീറ്റര്‍ അകലെയുള്ള ഒരു വീട്ടിലും കള്ളന് കയറിയിരുന്നു. അവിടെനിന്നു വസ്ത്രങ്ങള്‍ മാത്രമാണ് നഷ്ടപ്പെട്ടത്. രാവിലെ ക്ഷേത്രം പൂജാരി എത്തിയപ്പോള്‍ ക്ഷേത്രപരിസരം ഇരുട്ടിലായിരുന്നു.
സാധാരണ നാല് ലൈറ്റുകള്‍ കത്തിച്ചിടുക പതിവാണ്. ലൈറ്റുകള്‍ അണച്ചശേഷമാണ് മോഷണം നടത്തിയത്. രണ്ടുവര്‍ഷംമുമ്പും ക്ഷേത്രത്തില്‍ ഇതേരീതിയില്‍ മോഷണം നടന്നിരുന്നു. അന്നും കള്ളന് വീട്ടില്‍കയറി വസ്ത്രം മോഷ്ടിച്ചു. വിയ്യൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും ഫോറന്‍സിക് വിഭാഗവും എത്തി.
തിരൂര്‍, കോലഴി മേഖലയില്‍ മോഷണപരമ്പര തുടരുകയാണ്. രണ്ടുദിവസംമുമ്പ് കോലഴി അച്ചുതപുരത്തെ വീട്ടില്‍ മോഷണം നടത്തിക്കൊണ്ടിരുന്ന മോഷ്ടാവിനെ നാട്ടുകാര്‍ പിടികൂടി വിയ്യൂര്‍ പോലീസിനു കൈമാറിയിരുന്നു.
കേരളത്തില്‍ മോഷണത്തിനും കവര്ച്ചയ്ക്കുംവേണ്ടി അന്യസംസ്ഥാന മോഷണസംഘത്തിന്റെ വലിയ ഒരുസംഘംതന്നെ കേരളത്തില്‍ എത്തിയതായി ഇന്റലിജന്‍സ് വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിരുന്നു.