ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത്: പ്രസിഡന്റും സെക്രട്ടറിയും തമ്മിലുള്ള പോര്; എല്‍ഡിഎഫില്‍ ഭിന്നതയെന്നു സൂചന
1451651
Sunday, September 8, 2024 6:40 AM IST
ഇരിങ്ങാലക്കുട: ബ്ലോക്ക് പഞ്ചായത്തില്‍ ഭരണസമിതിയും ബ്ലോക്ക് സെക്രട്ടറിയും തമ്മിലുള്ള രൂക്ഷമായ അഭിപ്രായ ഭിന്നതകള്‍ ഭരണമുന്നണിക്കും പ്രധാന കക്ഷിയായ സിപിഎമ്മിനും തലവേദനയാകുന്നു. ബ്ലോക്ക് പഞ്ചായത്തിന്റെ ഡ്രൈവറുടെ ബില്ലുകള്‍ പാസാക്കുന്നതിനെച്ചൊല്ലി ഭരണസമിതിയും അംഗപരിമിതയായ സെക്രട്ടറിയും തമ്മില്‍ ഉടലെടുത്ത ഭിന്നതകളാണ് ഇടതുപക്ഷം കാലങ്ങളായി അധികാരം കൈയാളുന്ന ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയെ പ്രതിരോധത്തില്‍ ആക്കിയിരിക്കുന്നത്.
നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടുനില്ക്കാന് കഴിയില്ലെന്നുചൂണ്ടിക്കാട്ടി ബ്ലോക്ക് സെക്രട്ടറി ബില്ലുകള്‍ പാസാക്കാന്‍ വിസമ്മതിക്കുകയായിരുന്നു. ഇതിന്റെ പേരില്‍ മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ നേരിടുകയാണെന്ന് കാണിച്ച് 62 ശതമാനം ശാരീരിക പരിമിതിയുള്ള പണ്ഡുസിന്ധു തദ്ദേശവകുപ്പിനും ജില്ലാഭരണകൂടത്തിനും പരാതി നല്‍കിക്കഴിഞ്ഞു.
വിഷയം ചര്‍ച്ചചെയ്യാന്‍ വിളിച്ച അടിയന്തര ഭരണസമിതിയോഗത്തില്‍ ഭരണകക്ഷിയിലെ രണ്ടാംകക്ഷിയായ സിപിഐ നിയമപരമായ രീതിയില്‍ കാര്യങ്ങള്‍ നടക്കണമെന്ന നിലപാട് എടുത്തതായാണു സൂചന. പതിമൂന്നംഗ ഭരണസമിതിയില്‍ സിപിഎമ്മിന് എട്ടും സിപിഐക്ക് നാലും പ്രതിപക്ഷമായ കോണ്‍ഗ്രസിന് ഒരു അംഗവുമാണുള്ളത്. കഴിഞ്ഞ ദിവസം ബ്ലോക്ക് പഞ്ചായത്തിന് മുന്നില്‍നടന്ന പ്രതിഷേധ ധര്‍ണയില്‍ സിപിഐ അനുകൂല സംഘടനയായ ജോയിന്റ് കൗണ്‍സിലിന്റെ ജില്ലാ ജോയിന്റ് സെക്രട്ടറിതന്നെ പങ്കെടുത്തതും ചര്‍ച്ചയായിട്ടുണ്ട്.