റെഡിമെയ്ഡ് പൂക്കളം ഇനി തൃശൂരിലും
1451219
Saturday, September 7, 2024 1:37 AM IST
സ്വന്തം ലേഖകൻ
തൃശൂർ: ഇഷ്ടപ്പെട്ട പൂക്കളം കഷ്ടപ്പെട്ട് ഒരുക്കി അതു മഴയിലും വെയിലിലും നഷ്ടപ്പെടുമോ എന്ന ഭയം ഇനി വേണ്ട. സോഷ്യൽ മീഡിയകളിൽകൂടി ട്രെൻഡിംഗായ റെഡിമെയ്ഡ് പൂക്കളങ്ങൾ തൃശൂരിലും എത്തി. ഏതാനും നാളുകളായി സോഷ്യൽ മീഡിയകളിൽ മിന്നിമറഞ്ഞ പലവിധ റെഡിമെയ്ഡ് പൂക്കളങ്ങൾ തേടി ആളുകളെത്തിയതോടെ തൃശൂരിലെ തന്റെ കടകളിൽ അവ എത്തിച്ചിരിക്കുകയാണ് കേരള ഫാൻസി ഉടമ ഷെബീർ. പ്ലാസ്റ്റിക്കിലും ഫോർഎക്സ് ഷീറ്റിലുമാണ് പൂക്കളങ്ങൾ ഒരുക്കിയിരിക്കുന്നത്. ഒന്നരയടി വലിപ്പത്തിൽ പലവിധ നിറങ്ങളിലുള്ള പ്ലാസ്റ്റിക് പൂക്കൾകൊണ്ട് നിർമിച്ച പൂക്കളം 200 മുതൽ 300 രൂപവരെയാണ് ആദ്യം വിലവന്നിരുന്നതെങ്കിലും നിലവിൽ 250 രൂപയുടെ പൂക്കളങ്ങൾമാത്രമാണ് ലഭ്യമായിട്ടുള്ളത്.
ഫോർ എക്സ് ഷീറ്റിൽ നിർമിച്ച പൂക്കളത്തിന് 200 രൂപയുമാണ് നിരക്ക്. 150 രൂപയുടെ റോസും വെള്ളയും നിറങ്ങൾ ചേർന്നുള്ള ചതുരപ്പൂക്കളങ്ങളും ലഭ്യമാണ്. കൽക്കട്ടയിൽനിന്നാണ് ഇവ കൊണ്ടുവരുന്നതെന്നും നിരവധിപേർ ഇതു തേടിയെത്തുന്നുണ്ടെന്നും ഷെബീർ പറഞ്ഞു.
ഓണവിപണിയിലെ മറ്റു അലങ്കാരവസ്തുക്കൾക്കും ആവശ്യക്കാരേറെയാണ്. അഞ്ചുരൂപ മുതലുള്ള സ്റ്റിക്കറുകൾ, അഞ്ചുരൂപ മുതൽ 300 രൂപവരെ വിലവരുന്ന മുഖംമൂടികൾ, 140 രൂപമുതലുള്ള മാലകൾ, 260 രൂപമുതലുള്ള പുലിമുഖങ്ങൾ, മാവേലി ഡ്രസ്, 1000 രൂപ വിലവരുന്ന വാമനന്റെ ഓലക്കുട എന്നിവയ്ക്കും വിപണിയിൽ നിരവധി ആവശ്യക്കാരുണ്ട്.