പഴകിയ കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നില്ല; പ്രതിഷേധം ശക്തം; നടപടിയെന്നു മേയർ
1451218
Saturday, September 7, 2024 1:37 AM IST
തൃശൂർ: നഗരത്തിലെ കാലപ്പഴക്കമുള്ള കെട്ടിടങ്ങൾ പൊളിക്കാനുള്ള നടപടി വൈകിക്കുന്നതിനെതിരേ തൃശൂർ കോർപറേഷൻ കൗണ്‍സിലിൽ പ്രതിപക്ഷപ്രതിഷേധം. കെട്ടിടങ്ങളുടെ മിനുക്കുപണിയെക്കുറിച്ചു മേയറുടെ പ്രസ്താവന സ്ത്രീവിരുദ്ധമെന്ന് ആരോപിച്ചു ബിജെപി കൗണ്‍സിലർമാരും രംഗത്തെത്തി. നഗരത്തിലെ പഴയ കെട്ടിടങ്ങൾ സിറ്റിയിലെ സ്ത്രീകളെപ്പോലെ എന്നതരത്തിലുള്ള പരാമർശം പിൻവലിക്കണമെന്നും മേയർ മാപ്പു പറയണമെന്നും വനിതാ കൗണ്‍സിലർമാരും ആവശ്യപ്പെട്ടു.
നഗരത്തിലെ 144 കെട്ടിടങ്ങൾ അപകടാവസ്ഥയിലാണെന്ന് ഏഴുവർഷംമുന്‍പ് ജില്ലാ ഭരണകൂടം റിപ്പോർട്ട് നൽകിയിരുന്നെങ്കിലും കോർപറേഷൻ നടപടിയെടുത്തില്ല. അടുത്തിടെ കെട്ടിടങ്ങൾ തകർന്നു. കാൽനടയാത്രക്കാരടക്കം തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്. നാലുദിവസംമുന്പ് 30 കെട്ടിടങ്ങളെക്കൂടി പട്ടികയിൽ ഉൾപ്പെടുത്തി. ഇതടക്കം 174 കെട്ടിടങ്ങൾ അപകടാവസ്ഥയിലാണ്.
ജീവനക്കാർക്കും ബിസിനസിന് എത്തുന്നവർക്കും സമീപത്തുകൂടി പോകുന്നവർക്കും ജീവനു ഭീഷണിയുണ്ടെന്നും ഈ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന വ്യാപാരസ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കണമെന്നും പ്രതിപക്ഷനേതാവ് രാജൻ ജെ. പല്ലൻ ആവശ്യപ്പെട്ടു. അപകടാവസ്ഥയിലുള്ള കെട്ടിടങ്ങൾ കോർപറേഷൻചെലവിൽ പൊളിക്കണമെന്നും അവിടെത്തന്നെ നിർമാണചട്ടങ്ങളിൽ ഭേദഗതിവരുത്തി കെട്ടിടം പണിയാൻ ഉടമകൾക്ക് അനുമതി നൽകണമെന്നും ഇതിനു പ്രത്യേക പാക്കേജ് ഉണ്ടാക്കാൻ സർക്കാരിനോട് ആവശ്യപ്പെടണമെന്നും രാജൻ പല്ലൻ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ ഭരണസമിതിയുടെ അലംഭാവത്തിനെതിരേ പ്ലക്കാർഡുകളുമേന്തി പ്രതിപക്ഷ കൗണ്‍സിലർമാർ നടുത്തളത്തിൽ പ്രതിഷേധിച്ചു.
വിഷയം യഥാർഥമാണെന്നും എൻജിനീയറിംഗ് വിദഗ്ധരെ ഉൾപ്പെടുത്തി സ്റ്റെബിലിറ്റി പരിശോധന നടത്തി ഉചിതമായ നടപടി ഉടൻ സ്വീകരിക്കുമെന്നും മേയർ എം.കെ. വർഗീസ് പറഞ്ഞു. കോടതിയിൽകേസുള്ള കെട്ടിടം പൊളിക്കാനാകില്ല. സ്റ്റേ മാറിയാൽ അടച്ചുപൂട്ടിക്കുമെന്നും പാർട്ടിയോ സംഘടയോ നോക്കില്ലെന്നും മേയർ പറഞ്ഞു.
പിന്നാലെ, മേയറുടെ സ്ത്രീവിരുദ്ധപ്രസ്താവന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു പ്രതിപക്ഷ കൗണ്‍സിലർ ലാലി ജെയിംസ് രംഗത്തുവന്നു. ബിജെപി, കോണ്‍ഗ്രസ് വനിതാ കൗണ്‍സിലർമാരും പ്രതിഷേധവുമായെത്തി.
കുരിയച്ചിറയിലെ മാലിന്യപ്രശ്നവും ചർച്ചയായ യോഗത്തിൽ, ഒഡബ്ല്യുസി പ്ലാന്റ് നിർമാണത്തിന്റെ യന്ത്രങ്ങൾ വാങ്ങിക്കാൻ കൗണ്‍സിൽ അംഗീകാരമില്ലാതെ പണംനൽകിയതു ചോദ്യംചെയ്ത കൗണ്‍സിലർ സിന്ധു ആന്റോ ചാക്കോളയോട് മോണിറ്ററിംഗ് കമ്മിറ്റി ചെയർമാൻ താങ്കളാണെന്ന മേയറുടെ അഭിപ്രായവും മറ്റൊരു തർക്കത്തിനു വഴിയൊരുക്കി. പേരിനുമാത്രം സ്ഥാനംനൽകാനാണു നീക്കമെങ്കിൽ സ്ഥാനം രാജിവയ്ക്കുമെന്നും സിന്ധു ആന്റോ ചാക്കോള പറഞ്ഞു.
ഇതിനിടെ ചർച്ചയിൽ സംസാരിക്കാൻ സമയംനൽകാത്തതിന്റെ പേരിൽ പലതവണ എതിർപ്പ് അറിയിച്ച പ്രതിപക്ഷ കൗണ്‍സിലർ മേഴ്സി അജി ഒടുവിൽ നടുത്തളത്തിലിറങ്ങി പ്രതിഷേധം അറിയിച്ചു. കെ സ്മാർട്ട് ബില്ല് കിട്ടാത്തതിൽ പ്രതിഷേധം അറിയിച്ച അവർ വിഷയത്തിൽ മേയർക്കു കത്തും നൽകിയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.