നടപടി സ്വീകരിച്ചില്ലെന്ന പ്രതിപക്ഷ ആരോപണം അടിസ്ഥാനരഹിതം: നഗരസഭ ചെയർമാൻ
1451211
Saturday, September 7, 2024 1:37 AM IST
ചാലക്കുടി: തെരുവുനായ് വിഷയത്തിൽ എൽഡിഎഫ് കൗൺസിലർമാരുടെ ആക്ഷേപം വാസ്തവവിരുദ്ധമാണെന്നും നഗരസഭ ഓഫീസിൽ പ്രതിപക്ഷ കൗൺസിലർമാർ യോഗം വിളിച്ചുകൂട്ടിയതു ക്രമവിരുദ്ധമാണെന്നും നഗരസഭ ചെയർമാൻ എബി ജോർജ് അറിയിച്ചു. സംസ്ഥാനത്തും പൊതുവായും ജനം നേരിടുന്ന ഗുരുതരമായ ഈ പ്രശ്നത്തിൽ, കുറെയെങ്കിലും നടപടികൾ സ്വീകരിച്ച നഗരസഭയാണ് ചാലക്കുടിയെന്നും നഗരസഭ ചെയർമാൻ പറഞ്ഞു.
തെരുവുനായ്ക്കളുടെ നിയന്ത്രണത്തിനുള്ള നടപടികൾക്ക്, നിയമവും കോടതിയും നിർദേശിച്ചിട്ടുള്ള ഒരുപാടു പരിമിതികൾ ഉണ്ടെന്നിരിക്കെ, ഇതെല്ലാം കണ്ടില്ലെന്നു നടിക്കുന്നതു രാഷ്ട്രീയനേട്ടത്തിനുവേണ്ടിയുള്ള പരിപാടി മാത്രമാണെന്നും ചെയർമാൻ പറഞ്ഞു.
കഴിഞ്ഞ രണ്ടുവർഷമായി ഇക്കാര്യത്തിൽ നിരവധി പ്രവർത്തനങ്ങൾ നഗരസഭ ചെയ്തിട്ടുണ്ട്. വിവിധ സ്ഥലങ്ങളിൽ പ്രത്യേക ക്യാമ്പ് നടത്തി 1250 ഓളം വളർത്തുനായ്ക്കൾക്കു വാക്സിനേഷൻ നൽകിയത്. ചിപ്പ് ഘടിപ്പിച്ച്, ലൈസൻസ് നൽകിയിട്ടുണ്ട്. ഇതിനുപുറമെ രണ്ടുഘട്ടങ്ങളായി മൃഗാശുപത്രിയുടെ സഹകരണത്തോടെ, അലഞ്ഞുതിരിയുന്ന 200-ഓളം തെരുവുനായ്ക്കളെ കണ്ടെത്തി വാക്സിനേഷൻ കൊടുക്കുകയും, തിരിച്ചറിയൽ മാർക്ക് നൽകുകയും ചെയ്തു.
തെരുവുനായ്ക്കളെ കണ്ടെത്തിപ്പിടിച്ച്, ഇവയെ പാർപ്പിക്കുന്നതിനാവശ്യമായ ഷെൽട്ടർ സ്ഥാപിക്കുന്നതിനുള്ള നടപടികൾ, കഴിഞ്ഞവർഷംമുതൽ കൗൺസിൽ ആലോചിച്ചുവരുന്നതാണ്.
ഇതിനാവശ്യമായ സ്ഥലലഭ്യത വലിയ പ്രയാസമുള്ളതായി കണ്ടതിനാൽ, മാള ബ്ലോക്ക് പഞ്ചായത്തുമായ് സഹകരിച്ച്, അവിടെ സ്ഥാപിക്കാൻ നിശ്ചയിച്ചിരുന്ന ഷെൽട്ടറിൽ ഇവിടത്തെ തെരുവുനായ്ക്കളെക്കൂടി ഉൾപ്പെടുത്താം എന്നാണ് ചർച്ചചെയ്തിരുന്നത്. എന്നാൽ അവിടെയും ഷെൽട്ടർ നിർമാണം യാഥാർഥ്യമായിട്ടില്ല. ഇതെല്ലാം വിവിധഘട്ടങ്ങളിൽ കൗൺസിൽ ചർച്ച ചെയ്യുകയും ഇക്കാര്യത്തിൽ ഇപ്പോഴും തുടർനടപടികൾ സ്വീകരിച്ചു വരികയുമാണ്. ഇതിനിടെ സമൂഹത്തിലെ വിവിധ സംഘടനാ പ്രതിനിധികളെ നഗരസഭ ഓഫീസിൽ വിളിച്ചുചേർത്ത് യോഗം നടത്തിയ എൽഡിഎഫ് കൗൺസിലർമാരുടെ നടപടി ക്രമവിരുദ്ധവും നാളിതുവരെയുള്ള നഗരസഭയുടെ കീഴ്വഴക്കങ്ങൾക്ക് എതിരുമാണ്. ഇതുസംബന്ധിച്ച് റിപ്പോർട്ട് നൽകാൻ സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ചെയർമാൻ പറഞ്ഞു.
പത്രസമ്മേളനത്തിൽ വൈസ് ചെയർപേഴ്സൺ ആലീസ് ഷിബു, മുൻ ചെയർമാൻ വി.ഒ. പൈലപ്പൻ, യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ ഷിബു വാലപ്പൻ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ദീപു ദിനേശ്, ഹെൽത്ത് സൂപ്പർവൈസർ സുരേഷ്കുമാർ എന്നിവരും പങ്കെടുത്തു.