വയോജനങ്ങള്‍ക്കായി എന്‍എസ്എസ് ടീമിന്റെ "കരുതുംകരങ്ങൾ’പദ്ധതി തുടങ്ങി
1451210
Saturday, September 7, 2024 1:37 AM IST
ഇരിങ്ങാലക്കുട: വയോജനങ്ങള്‍ക്കു സാന്ത്വനവും കരുതലും നല്കാന് സംസ്ഥാന ഹയര്‍സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്കീം വിഭാവനം ചെയ്യുന്ന "കരുതും കരങ്ങള്‍' പദ്ധതിക്കു തുടക്കമായി. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇരിങ്ങാലക്കുട സെന്റ്് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു. ഇതിന്റെ ഭാഗമായി മണ്ഡലത്തിലെ 200 വയോജനങ്ങള്‍ക്ക് ഓണക്കോടി സമ്മാനിച്ചു. എന്‍എസ്എസ് മധ്യമേഖല കണ്‍വീനര്‍ എന്‍. രാജേഷ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന ഓഫീസര്‍ ആര്.എം. അന്‍സര്‍, സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ ഡോ. ജേക്കബ് ജോണ്‍, ജില്ലാ കണ്‍വീനര്‍ എം.വി. പ്രതീഷ്, ഹയര്‍സെക്കന്‍ഡറി അക്കാദമിക് കോ-ഓര്‍ഡിനേറ്റര്‍ ടി.എം. ലത, സ്കൂള്‍ പ്രിന്‍സിപ്പല്‍ പി. ആന്‍സണ്‍ ഡൊമിനിക് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഇതിന്റെ ഭാഗമായി തൃശൂര്‍ ജില്ലയിലെ സാമൂഹികനീതിവകുപ്പിനുകീഴില് അംഗീകാരമുള്ള മുഴുവന്‍ അനാഥഅഗതി മന്ദിരങ്ങളും ഷെല്‍ട്ടര്‍ ഹോമുകളും ജില്ലയിലെ ഹയര്‍സെക്കന്‍ഡറി വോളന്റിയര്‍മാര്‍ സന്ദര്‍ശിക്കുകയും അന്തേവാസികളുമായി സംവദിക്കുകയും ചെയ്യും. കുട്ടികളും മുതിര്‍ന്നവരും തമ്മിലുള്ള ബന്ധം പുനഃസ്ഥാപിക്കുക, മൂല്യാധിഷ്ഠിത യുവതലമുറയെ വാര്‍ത്തെടുക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണു പദ്ധതി രൂപകല്പന ചെയ്തിട്ടുള്ളതെന്ന് എന്‍എസ്എസ് ജില്ലാ കണ്‍വീനര്‍ എം.വി. പ്രതീഷ് അറിയിച്ചു.