ജോലി നഷ്ടപ്പെടാൻ കാരണം എറവ് പോസ്റ്റ് ഓഫീസ് അധികൃതരുടെ അനാസ്ഥ: പരാതിയുമായി യുവതി
1450940
Friday, September 6, 2024 1:46 AM IST
അരിമ്പൂർ: പോസ്റ്റൽ ഉരുപ്പടികൾ മേൽവിലാസക്കാർക്ക് യഥാസമയം എത്തിച്ചുനൽകാതെ വിവാദത്തിലായ എറവ് പോസ്റ്റ് ഓഫീസിനെതിരെ പരാതികള്‍ ഉയരുന്നു. ഒരുവർഷംമുമ്പ് തനിക്കുവന്ന ഇന്റർവ്യു കാർഡ് നൽകാതെ എറവിലെ പോസ്റ്റ് ഓഫീസ് ജീവനക്കാർ ചതിച്ചുവെന്നു കാണിച്ച് എറവ് തേമാലിപ്പുറം സ്വദേശി പാറപ്പുറത്ത് അനുപമയാണ് രംഗത്തെത്തിരിക്കുന്നത്.
2023 ജൂണിൽ തൃശൂർ കോർപറേഷനിൽ ഹെൽത്ത് ഇൻസ്പെക്ടറുടെ ഒഴിവിലേക്ക് അനുപമ അപേക്ഷ നൽകിയിരുന്നു. ഇന്റവ്യൂവിൽ പങ്കെടുക്കാനായി അയച്ച കത്ത് എറവ് പോസ്റ്റാഫീസിൽനിന്നു നൽകിയില്ലെന്നാണ് അനുപമയുടെ പരാതി. അഭിമുഖത്തിന് ക്ഷണിക്കാതായപ്പോൾ കോർപറേഷൻ ഓഫീസിൽപോയി അന്വേഷിച്ചു. കോർപറേഷൻ ഉദ്യോഗസ്ഥര്‍ പോസ്റ്റൽ വഴി അയച്ച കത്തിന്റെ പകർപ്പ് കാണിച്ചുകൊടുത്തു. തിരികെ എറവ് ആറാംകല്ലിലെ പോസ്റ്റ് ഓഫീസിൽവന്ന് അന്വേഷിച്ചപ്പോൾ അങ്ങനെയൊരു കത്ത് വന്നിട്ടില്ല എന്നാണ് കിട്ടിയ മറുപടി.
ബാങ്ക് വായ്പ കുടിശികമൂലം ജപ്തിചെയ്യാനിരിക്കുന്ന വീട്ടിൽ അനുപമയും ഭർത്താവും രണ്ടു കുട്ടികളുമാണുള്ളത്. ഈ ജോലി തനിക്ക് കിട്ടിയിരുന്നെങ്കിൽ കുടുംബത്തിന് ഒരുപരിധി വരെ ആശ്വാസമാകുമായിരുന്നെന്ന് ഇവർ പറഞ്ഞു. അരിമ്പൂർ പോസ്റ്റ് ഓഫീസിന്റെ കീഴിലുള്ള എറവ് ബ്രാഞ്ച് പോസ്റ്റ് ഓഫീസിൽ ഏഴുമാസമായി പ്രവർത്തനങ്ങൾ കുത്തഴിഞ്ഞ നിലയിലാണെന്ന് വ്യാപക ആക്ഷേപമുണ്ട്.
തപാൽ ഉരുപ്പടികൾ വിതരണംചെയ്യാതെയും രജിസ്റ്റർവരുന്ന ഇലക്ഷൻ ഐഡികൾ അന്യവ്യക്തികളുടെ കൈവശം വിതരണംചെയ്യാൻ കൊടുത്തയച്ചതും വിവാദമായിരുന്നു. പോസ്റ്റൽ ഉരുപ്പടികൾ നിരുത്തരവാദപരമായി കൈകാര്യംചെയ്യുന്ന ജോലിക്കാർക്കെതിരെ നടപടി കൈക്കൊള്ളാൻ തപാൽവകുപ്പ് ഇനിയും തയാറായിട്ടില്ല.