കുരിയച്ചിറയിലെ കിണറുകളിൽ വൻ ബാക്ടീരിയസാന്നിധ്യം
1450938
Friday, September 6, 2024 1:46 AM IST
തൃശൂർ: കിണറുകളിൽ ഗുരുതര ആരോഗ്യഭീഷണികൾ ഉയർത്തുന്ന ബാക്ടീരിയകളും വെള്ളത്തിനു അസിഡിക് സ്വഭാവവും. കുരിയിച്ചിറയിലെ അറവുശാലയ്ക്കും മാലിന്യപ്ലാന്റിനുമെതിരെ വീണ്ടും സമരമുഖത്തേക്ക് ഇറങ്ങാൻ ഒരുങ്ങി നാട്ടുകാർ. 268 കിണറുകളുള്ള പ്രദേശത്തു പരിശോധന നടത്തിയ 100 കിണറുകളിൽ 87 ശതമാനത്തിലും ബാക്ടീരിയസാന്നിധ്യവും ഖരമാലിന്യവുമാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.
വയറുവേദന, ഛർദ്ദി, വയറിളക്കം, കോളറ തുടങ്ങിയ രോഗങ്ങൾ പടർത്താൻ കഴിയുന്ന കോളിഫോം, ഇ കോളി ബാക്ടീരിയകളുടെയും കരൾ, വൃക്കകളെ തകരാറിലാക്കുന്ന അസിഡിക് സ്വഭാവവുമാണ് വെള്ളത്തിൽ കണ്ടെത്തിയിരിക്കുന്നത്. തുടർച്ചയായ പരാതികളും പ്രതിഷേധങ്ങളും ഉയർന്നിട്ടും വിഷയത്തിൽ കോർപറേഷൻ അടിയന്തരനടപടികൾ കൈക്കൊള്ളുന്നില്ലെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് മണ്ണിനും മനുഷ്യജീവനും ആപത്കരമാകുന്നവിധം ബാക്ടീരിയസാന്നിധ്യം കിണറുകളിൽ വ്യാപിക്കുന്നത്.
നേരത്തേ ഒഡബ്ല്യുസി പ്ലാന്റിൽനിന്നുണ്ടായ ഈച്ചശല്യം ജനത്തിനു സമ്മാനിച്ച ഉറക്കമില്ലാരാവുകൾക്കു പിറകെയാണ് സമാധാനവും ആരോഗ്യവുംകൂടി നഷ്ടപ്പെടുത്തുന്ന പുതിയ പ്രശ്നം ഉടലെടുത്തിരിക്കുന്നത്. അറവുശാലയും അനുബന്ധസ്ഥാപനങ്ങളും ജനങ്ങൾക്കു ദോഷമാണെന്നു നേരത്തേ സൂചിപ്പിച്ചിരുന്നു ഡെപ്യൂട്ടി മേയർ എം.എൽ. റോസി, അനുയോജ്യമല്ലാത്ത സ്ഥലമില്ലാത്തതാണ് പ്രശ്നമെന്നതും വ്യക്തമാക്കിയിരുന്നു.
ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം പൗരന്മാർക്കു ജീവിക്കാനുള്ള അവകാശം വാഗ്ദാനംനൽകുന്പോഴും ശുദ്ധമായ വായുവും വെള്ളവും ഉൾപ്പെടുന്നുവെന്ന കാര്യം അധികാരികൾ വിസ്മരിക്കരുതെന്നു കുരിയിച്ചിറ യുണൈറ്റഡ് ഡെവലപ്മെന്റ് അസോസിയേഷൻ ( കുട ) ഭാരവാഹികൾ പറഞ്ഞു. ജനത്തെ മറ്റൊരു ദുരന്തത്തിലേക്കു തള്ളിവിടാതിരിക്കാൻ അറവുശാലയും പ്ലാന്റും മറ്റ് അനുബന്ധസ്ഥാപനങ്ങളും മാറ്റണമെന്നും അല്ലാത്തപക്ഷം പ്രത്യക്ഷസമരമുറകളുമായി രംഗത്തിറങ്ങേണ്ടിവരുമെന്നും ഭാരവാഹികൾ മുന്നറിയിപ്പു നൽകി.
പത്രസമ്മേളനത്തിൽ ടി.ടി. ജോസ്, എം.എൻ. ഗുണവർധനൻ, സി.എൽ. ജോയ്, ടോമി ഫ്രാൻസീസ്, സി.എ. പോൾ എന്നിവർ പങ്കെടുത്തു.