പദ്ധതിക്കായി ഭാഗികമായി പൊളിച്ച റോഡുകളുടെ അറ്റകുറ്റപ്പണികളും നീളുന്നു
1450931
Friday, September 6, 2024 1:46 AM IST
ഇരിങ്ങാലക്കുട: കുടിവെള്ളശൃംഖല ശക്തിപ്പെടുത്താനും ശുദ്ധജല കണക്ഷനുകള്‍ നല്‍കാനും ലക്ഷ്യമിട്ട് ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ വിവിധ വാര്‍ഡുകളില്‍ നടപ്പിലാക്കുന്ന അമൃത്പദ്ധതി മന്ദഗതിയില്‍. കഴിഞ്ഞവര്‍ഷം അവസാനത്തോടെയാണ് 1500 കണക്ഷനുകള്‍ നല്കാന് ലക്ഷ്യമിട്ട് എഴ് കോടി രൂപയുടെ പദ്ധതികള്‍ വിവിധ വാര്‍ഡുകളിലായി നടപ്പിലാക്കാന്‍ ആരംഭിച്ചത്. കാലഹരണപ്പെട്ട പൈപ്പുകള്‍ മാറ്റലും പുതിയവ സ്ഥാപിക്കലും ടാങ്ക് നിര്‍മാണവുമെല്ലാം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പൈപ്പിടല്‍ പ്രവൃത്തികള്‍ ഭൂരിപക്ഷം വാര്‍ഡുകളിലും പൂര്‍ത്തിയായെങ്കിലും പൈപ്പിടാന്‍ വേണ്ടി ഭാഗികമായി പൊളിച്ച റോഡുകളുടെ അറ്റകുറ്റപ്പണികള്‍ എവിടെയും എത്തിയിട്ടില്ല. നിര്‍മാണ പ്രവൃത്തികളുടെ ഭാഗമായി ഉണ്ടായ പൈപ്പ് ലീക്കുകള്‍ തീര്‍ത്ത് അറ്റകുറ്റപ്പണികള്‍ ഉടന്‍ ആരംഭിക്കുമെന്ന് ഉദ്യോഗസ്ഥര്‍ വിവിധ യോഗങ്ങളില്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും പൂര്‍ത്തിയായിട്ടില്ല.
ചില റോഡുകളില്‍ ജിഎസ്ബി ഇട്ട് കുഴികള്‍ അടച്ചെങ്കിലും കരാര്‍ പ്രകാരമുള്ള കോണ്‍ക്രീറ്റിംഗ് ആരംഭിച്ചിട്ടില്ല.
എട്ട് മാസങ്ങള്‍ പിന്നിടുമ്പോള്‍ പദ്ധതിയുടെ 35 ശതമാനം മാത്രമേ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടുള്ളുവെന്ന് അധികൃതര്‍ തന്നെ സൂചിപ്പിക്കുന്നുണ്ട്. തിരുവനന്തപുരം സ്വദേശിയാണ് പ്രധാനമായും നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. വിഷയത്തില്‍ നഗരസഭയും വാട്ടര്‍ അഥോറിറ്റിയും നിരന്തരം ഇടപെടുന്നുണ്ടെങ്കിലും ഫലം കാണുന്നില്ലെന്നാണ് വ്യക്തമാക്കുന്നത്.
പദ്ധതിക്കായി ഭാഗികമായി പൊളിച്ച റോഡുകളിലെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാതെ മറ്റ് വാര്‍ഡുകളിലെ റോഡുകള്‍ പൈപ്പിടാന്‍ കുഴിക്കുന്നത് തുടരുകയാണ്. പൊളിച്ചിട്ട റോഡുകളിലെ ലീക്കേജുകളും അറ്റകുറ്റപ്പണികളും തീര്‍ക്കാതെ 2023-24 പദ്ധതിയില്‍ ഉള്‍പ്പെടുത്തി നഗരസഭ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ റോഡുകളിലെ ടാറിംഗ് പണികള്‍ ആരംഭിക്കാന്‍ കഴിയില്ലെന്ന സാഹചര്യവുമുണ്ട്. വാര്‍ഡ് 22 ല്‍ തന്നെ നാലോളം റോഡുകള്‍ ഈ പട്ടികയില്‍ ഉണ്ടെന്ന് കൗണ്‍സിലര്‍ ഒ.എസ്. അവിനാശ് സൂചിപ്പിക്കുന്നു. നഗരസഭ ഓഫീസിലേക്ക് ഔദ്യോഗിക വാഹനങ്ങളില്‍ ഭരണാധികാരികള്‍ ഉള്‍പ്പടെയുള്ളവര്‍ എത്തിച്ചേരാന്‍ ആശ്രയിക്കുന്ന അയ്യങ്കാവ് ടെംപിള്‍ റോഡ് അമൃത് പദ്ധതിക്ക് മുമ്പ്തന്നെ തകര്‍ന്ന അവസ്ഥയിലാണ്. പദ്ധതിയുടെ പൂര്‍ത്തീകരണം സംബന്ധിച്ച് കൃത്യമായ ഉറപ്പ് നല്കാന് കഴിയാത്ത അവസ്ഥയിലാണ് അധികൃതര്‍ ഇപ്പോള്‍.