പിഎംഎവൈ ഭവനപദ്ധതി: ചാവക്കാട് കൗണ്‍സില്‍ യോഗത്തില്‍ ബഹളം
1450682
Thursday, September 5, 2024 1:56 AM IST
ചാവക്കാട്: പിഎംഎവൈ പദ്ധതിയില്‍ നഗരസഭാ ചെയര്പേഴ്സന് രാഷ്ട്രീയംകലര്ത്തുന്നെന്ന യുഡിഎഫ് അംഗങ്ങളുടെ ആരോപണത്തെത്തുടര്‍ന്ന് ചാവക്കാട് നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ബഹളം.
തുടര്‍ന്ന് അജന്ഡകള്ക്കുമുമ്പ് യോഗം പിരിച്ചുവിട്ടു. കൗണ്‍സില്‍ യോഗത്തില്‍ അജന്‍ഡകള്‍ വായിക്കുന്നതിനുമുമ്പായി യുഡിഎഫ് അംഗങ്ങള്‍ ആരോപണമുന്നയിച്ചു. ഇത് ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും ചെയര്‍പേഴ്സണ്‍ തയറായില്ല. അജന്‍ഡകള്‍ വായിച്ചതിനുശേഷം ആരോപണങ്ങളെപ്പറ്റി ചര്‍ച്ചചെയ്യാമെന്ന് അധ്യക്ഷ ഷീജ പ്രശാന്ത് പറഞ്ഞെങ്കിലും ആരോപണങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാതെ യോഗത്തോട് സഹകരിക്കില്ലെന്ന് യുഡിഎഫ് അംഗങ്ങള്‍ പറഞ്ഞു. അഞ്ചാംവാര്‍ഡ് കൗണ്‍സിലര്‍ ഷാഹിത മുഹമ്മദാണ് ആരോപണത്തിന് തുടക്കംകുറിച്ചത്.
തന്റെ വാര്‍ഡില്‍ പിഎംഐവൈ പദ്ധതി മുഖേന വീട് നിര്‍മിക്കുന്ന അതിദരിദ്രപട്ടികയില്പ്പെട്ട കുടുംബത്തില്‍ ചെയര്‍പേഴ്സണും പാര്‍ട്ടി നേതാവുമെത്തി തന്നെയും യുഡിഎഫ് അംഗങ്ങളെയുംകുറിച്ച് മോശമായി സംസാരിക്കുകയും തങ്ങളാണ് പദ്ധതി നടപ്പാക്കുന്നതെന്ന് അറിയിച്ചെന്നുമായിരുന്നു ഷാഹിതയുടെ ആരോപണം. തുടര്‍ന്ന് കെ.വി. സത്താറിന്റെ നേതൃത്വത്തില്‍ യുഡിഎഫ് അംഗങ്ങള്‍ ഇരിപ്പിടത്തില്‍നിന്ന് എഴുന്നേറ്റ് ചെയര്‍പേഴ്സന്റെ ചേംബറിനടുത്തെത്തി പ്രതിഷേധിച്ചു. ഭവനപദ്ധതി സിപിഎം പദ്ധതിയാക്കി മാറ്റാനാണ് ശ്രമിക്കുന്നതെന്ന് സത്താര്‍ ആരോപിച്ചു. വീടുനിര്മാണത്തിനാവശ്യമായ കാര്യങ്ങളെല്ലാം കൗണ്‍സിലറുടെ നേതൃത്വത്തില്‍ ചെയ്തുവരുന്നതിനിടെ പദ്ധതിയില്‍ രാഷ്ട്രീയംകലര്ത്താനുള്ള ശ്രമമാണ് നഗരസഭ അധികൃതര്‍ നടത്തുന്നതെന്ന് യുഡിഎഫ് ആരോപിച്ചു.
എന്നാല്‍ എല്ലാ വാര്‍ഡുകളിലും ഒരേപോലെയുള്ള പ്രവര്‍ത്തനങ്ങളാണ് നഗരസഭ നടത്തുന്നതെന്നും പ്രതിപക്ഷത്തിന്റെ വാര്‍ഡ് എന്ന നിലപാട് നഗരസഭയ്ക്കില്ലെന്നും ചെയര്പേഴ്സന് പറഞ്ഞു. കൗണ്‍സില്‍ യോഗത്തില്‍ അജന്ഡയ്ക്കുശേഷം കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ അവസരംനല്കാമെന്ന് അറിയിച്ചിട്ടും രാഷ്ട്രീയപ്രേരിതമായാണ് യുഡിഎഫ് അംഗങ്ങള്‍ പെരുമാറിയതെന്ന് ചെയര്‍പേഴ്സണ്‍ ഷീജ പ്രശാന്ത് പറഞ്ഞു.