വീട് കുത്തിപ്പൊളിച്ച് ഭൂട്ടാൻ കറൻസിയും അമൂല്യമായ നാണയങ്ങളും മോഷ്ടിച്ചയാള്‍ അറസ്റ്റിൽ
1444954
Thursday, August 15, 2024 1:17 AM IST
കയ്പമംഗലം: ആളില്ലാത്ത രണ്ടുനില വീട് കുത്തിപ്പൊളിച്ച് ഭൂട്ടാൻ കറൻസിയും അമൂല്യമായ നാണയങ്ങളും മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റിൽ. തൃശൂർ ചിറ്റിശേരി കരയാംവീട്ടിൽ വിനോദി(40)നെയാണ് മതിലകം എസ്എച്ച്ഒ എം.കെ. ഷാജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞമാസമായിരുന്നു കേസിനാസ്പദമായ സംഭവം. ശ്രീനാരായണപുരം പഞ്ചായത്തിലെ പടിഞ്ഞാറെ വെമ്പല്ലൂർ സുനാമിക്കൂട്ടായ്മ വഴിയിലുള്ള രണ്ടുനില വീട് പൊളിച്ച് അകത്തുകയറി വിലപിടിപ്പുള്ള നിരവധി നാണയങ്ങളും ഭൂട്ടാൻ കറൻസികളും മോഷ്ടിച്ചുവെന്നാണു കേസ്.
നിരവധി മോഷണ കേസുകളിൽ പ്രതിയായ വിനോദിനെ കാട്ടൂർ എസ്എച്ച്ഒ ഇ.ആർ. ബൈജു അറസ്റ്റ് ചെയ്തിരുന്നു. ഇദ്ദേഹത്തെ കൂടുതൽ ചോദ്യം ചെയ്തതോടെയാണു മതിലകം സ്റ്റേഷൻ പരിധിയിലെ മോഷണവിവരവും അറിഞ്ഞത്. റിമാൻഡിലായിരുന്ന പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കഴിഞ്ഞദിവസം വീട്ടിലെത്തിച്ചു തെളിവെടുത്തു.