തമ്പുരാട്ടിപ്പടിയിൽ മണ്ണിടിച്ചിൽ ഭീഷണി
1444933
Thursday, August 15, 2024 1:17 AM IST
പട്ടിക്കാട്: ദേശീയപാതയിൽ തമ്പുരാട്ടിപ്പടിയിൽ തൃശൂർ ഭാഗത്തേക്കുള്ള പാതയോടുചേർന്ന് മണ്ണിടിച്ചിൽ ഭീഷണി.
മഴതുടരുന്ന സാഹചര്യത്തിൽ വലിയ മരം ഉൾപ്പെടെ ദേശീയപാതയിലേക്ക് മറിഞ്ഞുവീഴാനുള്ള സാധ്യത ഏറെയാണെന്ന് നാട്ടുകാർ പറഞ്ഞു. ആഴ്ചകളായി പ്രദേശത്ത് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. സർവീസ് റോഡിനായി പ്രദേശത്തെ പാറകൾപൊട്ടിച്ച് നീക്കംചെയ്തെങ്കിലും മുകളിലെ മണ്ണും മരങ്ങളും നീക്കംചെയ്ത് യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താൻ ദേശീയപാത അധികൃതർക്ക് സാധിച്ചില്ല. മാത്രമല്ല സർവീസ് റോഡ് നിർമാണം പാതിവഴിയിൽ ഉപേക്ഷിക്കുകയും ചെയ്തു.
മണ്ണുത്തി മുതൽ വടക്കഞ്ചേരി വരെയുള്ള ദേശീയപാതയിൽ മുടിക്കോട്, കല്ലിടുക്ക് വാണിയംപാറ എന്നിവിടങ്ങളിൽ അടിപ്പാത നിർമാണം നടക്കുന്നതിനാൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
ഇതു കൂടാതെയാണ് തമ്പുരാട്ടിപ്പടിയിലും, അറ്റകുറ്റ പണികൾക്കായി മറ്റു സ്ഥലങ്ങളിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നത്.
ടോൾ പിരിവ് ആരംഭിച്ചിട്ടും ഗതാഗതക്കുരുക്കില്ലാതെ സുരക്ഷിതമായി യാത്രചെയ്യാൻ വേണ്ട സൗകര്യങ്ങൾ ഒരുക്കാൻ ദേശീയപാത അധികൃതർ തയാറാകുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.