തൃശൂർ തിരുഹൃദയ ലത്തീൻ ദേവാലയത്തിൽ ഡയാലിസിസ് ഫണ്ട് വിതരണം ചെയ്തു
1444688
Wednesday, August 14, 2024 1:10 AM IST
തൃശൂർ: തിരുഹൃദയ ലത്തീൻ ദേവാലയത്തിൽ വിശുദ്ധ അന്തോണീസ് പുണ്യാളന്റെ 829ാം ജന്മദിന ചാരിറ്റി തിരുനാളിനോടനുബന്ധിച്ച് ഡയാലിസിസ് രോഗികളുടെ ചികിത്സയ്ക്കായി 10 ലക്ഷം രൂപ വിതരണം ചെയ്തു. നിർധനരായ വർക്കു ഡയാലിസിസ് നടത്തുന്നതിനായി പറവൂർ ഡോണ്‍ ബോസ്കോ ഹോസ്പിറ്റൽ, തൃശൂർ അമല ഹോസ്പിറ്റൽ, തൃശൂർ ജൂബിലി മിഷൻ ഹോസ്പിറ്റൽ എന്നീ ആശുപത്രികളിലേക്ക് 10 ലക്ഷം രൂപ കോട്ടപ്പുറം രൂപത വികാരി ജനറാൾ മോണ്‍. റോക്കി റോബി കളത്തിൽ വിതരണം ചെയ്തു.
തദവസരത്തിൽ തിരുഹൃദയ ലത്തീൻ ദേവാലയം റെക്ടർ ഫാ. ജോസഫ് ജോഷി മുട്ടിക്കൽ, സഹവികാരിമാരായ ഫാ. മിഥിൻ ടൈറ്റസ് പുളിക്കത്തറ, ഫാ. റെക്സണ്‍ പങ്കെത്ത് എന്നിവർ പങ്കെടുത്തു. ഡോൺ ബോസ്കോ ഹോസ്പിറ്റൽ അസിസ്റ്റന്റ് ഡയറക്ടർ ഫാ. ഷിബിൻ കൂളിയത്ത്, അമല ഹോസ്പിറ്റൽ അസ്സോസിയേറ്റ് ഡയറക്ടർ ഫാ.ജോസഫ്, ജൂബിലി മിഷൻ ഹോസ്പിറ്റൽ അസോസിയേറ്റ് ഡയറക്ടർ ഫാ. ജസ്റ്റിൻ ഡയാലിസിസ് ഫണ്ട് സ്വീകരിച്ചു.
കൂടാതെ തൊഴിൽ രഹിതരായ സ്ത്രീകൾക്ക് ഉപജീവനമാർഗമായി അഞ്ച് തയ്യൽ മെഷീനുകൾ നൽകി. തിരുനാൾ ദിനത്തിൽ മോൺ റോക്കി റോബി കളത്തിലിന്റെ മുഖ്യകാർമികത്തിൽ ദിവ്യബലി അർപ്പിച്ചു. ഫാ. ആന്റ്സ്, ഫാ. അലക്സ്, ഫാ. ഷിബിൻ ഫാ. ഫ്രാൻസിസ് ദിവ്യബലിയിൽ പങ്കെടുത്തു.
വിശുദ്ധ അന്തോണീസ് പുണ്യാളന്റെ ജന്മദിന ചാരിറ്റി തിരുനാളിനോട് അനുബന്ധമായി 829 കിലോഗ്രാം ഭാരവും 101 അടി നീളവുമായി നിർമിച്ച കേക്ക് ഫാ. ഷൈജൻ കളത്തിൽ ആശിർവദിച്ചു ഭക്തജനങ്ങൾക്ക് വിതരണം ചെയ്തു. ഈ തിരുന്നാളിന് ജനറൽ കണ്‍വീനർമാരായ സിന്റോ തട്ടാരശേരി, ജെയിംസ് ചാകാലയ്ക്കൽ, അനീറ്റ നേറൊണാ, ഡീന ജോണ്സൻ തുടങ്ങിയവർ അടങ്ങിയ വിപുലമായ കമ്മിറ്റിയാണ് നേതൃത്വം നൽകിയത്.