മാള: വനിത ദന്തഡോക്ടറെ തെരുവുനായ്ക്കൾ പെട്രോൾ പമ്പിൽവച്ച് ആക്രമിച്ചു. കാലിനു കടിയേറ്റ ഡോക്ടർക്കു വീഴ്ചയിൽ കൈയുടെ എല്ലിനും പൊട്ടലേറ്റിട്ടുണ്ട്. ഇന്നലെ ഉച്ചയ്ക്ക് അഷ്ടമിച്ചിറയിലുള്ള പെട്രോൾ പമ്പിലാണു സംഭവം. ദന്ത ഡോക്ടറായ പാർവതി സേവനംചെയ്യുന്ന ക്ലിനിക്കിൽനിന്നു പമ്പിനു സമീപമുള്ള ഇവരുടെ വീട്ടിലേക്കു ഭക്ഷണം കഴിക്കുന്നതിനായി പോ കുന്ന സമയത്താണ് ആക്രമണം. ഇവരുടെ തന്നെ ഉടമസ്ഥതയിലുള്ളതാണ് പെട്രോൾ പമ്പ്.
തെരുവുനായ്ക്കളിൽ ഒന്ന് ഡോക്ടറുടെനേരെ ഓടിയടുക്കുകയായിരുന്നു. രക്ഷപ്പെട്ടു മാറാൻ ശ്രമിച്ചെങ്കിലും നായ് ഡോക്ടർക്കുനേരെ ചാടി. ഇതേത്തുടർന്ന് നിലത്തുവീണ ഡോക്ടറുടെ കാലിൽ നായ് കടിക്കുകയും ഉടനെ ഒപ്പം എത്തിയ മറ്റ് മൂന്നുനായ്ക്കളും ഡോക്ടറെ കടിച്ചു. ഇതുകണ്ട പമ്പ് ജീവനക്കാരുടെ സമയോചിതമായ ഇടപെടൽ മൂലമാണു നായ്ക്കളെ ഓടിച്ച് ഡോക്ടറെ രക്ഷപ്പെടുത്താനായത്. പരിക്കേറ്റ ഡോക്ടർ മാളയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി.