പഴയന്നൂർ പഞ്ചായത്ത് ഓഫീസിൽ സംഘർഷം
1444434
Tuesday, August 13, 2024 1:48 AM IST
പഴയന്നൂർ: പഞ്ചായത്ത് ഓഫീസിൽ 16 -ാം വാർഡിലെ എഴുപത്തഞ്ചോളം തൊഴിലുറപ്പ് തൊഴിലാളികൾ സംഘടിച്ചെത്തി പ്രതിഷേധിച്ചു. ആറ് മാസത്തോളമായി തൊഴിലുറപ്പ് തൊഴിൽ ലഭിക്കുന്നില്ലെന്നാരോപിച്ചായിരുന്നു പ്രതിഷേധം.
തൊഴിലാളികൾ പഞ്ചായത്ത് സെക്രട്ടറിയുടെ കാബിനിലെത്തി സംസാരിക്കുന്നതിനിടെയാണ് പഞ്ചായത്ത് പ്രസിഡന്റ് പി.കെ. മുരളീധരനും സ്ഥലത്തെത്തിയത്. പ്രസിഡന്റിനോടും സെക്രട്ടറിയോടും ഇവർ പരാതിയും പ്രതിഷേധവും അറിയിച്ചു.
തൊഴിലുറപ്പ് മേറ്റുമാരില്ലാതെയാണ് തൊഴിലാളികൾ പഴയന്നൂർ പഞ്ചായത്ത് ഒാഫീൽ പ്രതിഷേധവുമായെത്തിയത്. പഞ്ചാ യത്ത് ഓഫീസും പരിസരവും ഒരു മണിക്കൂറോളം സംഘർഷാവസ്ഥയിലായിരുന്നു.
സെക്രട്ടറിയുടെ കാബിനിൽ നടന്ന ചർച്ചയ്ക്കിടെ പൊതുപ്രവർത്തകനായ ഹുസൈൻ പാറയ്ക്കലും പഞ്ചായത്ത് പ്രസിഡന്റ് പി.കെ. മുരളീധരനും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. ഹുസൈനെ പഞ്ചായത്ത് പ്രസിഡന്റ്് കൈയേറ്റം ചെയ്യാൻ ശ്രമിച്ചെന്നാരോപിച്ച് പോലീസിൽ പരാതി നൽകി.
എന്നാൽ ഹുസൈൻ പഞ്ചായത്ത് പ്രസിഡന്റിനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചെന്നും തന്റെ ജോലിക്കു തടസമാകുന്ന തരത്തിൽ പെരുമാറിയെന്നും ആരോപിച്ച് പഞ്ചായത്ത് സെക്രട്ടറിയും പരാതിനൽകി.