സർക്കാരിന്റെ പരസ്യകാപ്സ്യൂൾകൊണ്ട് വിശപ്പുതീരില്ല: വി.ഡി. സതീശൻ
1444155
Monday, August 12, 2024 1:42 AM IST
പുത്തൂർ: സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണു കടന്നുപോകുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പുത്തൂരിൽ മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിസന്ധി പരിഹരിക്കാൻ പ്ലാൻ എ ഇല്ലെങ്കിൽ പ്ലാൻ ബി ഉണ്ടെന്നാണു പറഞ്ഞിരുന്നത്.
എന്താണ് പ്ലാൻ ബി എന്ന് ഇതുവരെ മനസിലാവുന്നില്ല. വീണ്ടും ചാർജ് വർധിപ്പിക്കാൻ വേണ്ടിയിട്ടുള്ള ശ്രമം നടത്തിയാൽ അതിനെ ശക്തിയായി എതിർക്കും. പരമാവധി ചാർജുകളും നികുതിയും ഒക്കെ വർധിപ്പിച്ചുകഴിഞ്ഞു.
ഇനി ഒരു തരത്തിലുള്ള നികുതി വർധിപ്പിക്കാനും പറ്റില്ല. കാരണം, ജനങ്ങൾക്ക് ജീവിക്കാൻ പറ്റാത്ത സാഹചര്യമാണ് സംസ്ഥാനത്തുള്ളത്.
ബജറ്റിലെ അനുമതികിട്ടിയ പദ്ധതികൾ ഇല്ലാതാക്കുക എന്നതു ശരിയായ നടപടിയല്ല. മാത്രമല്ല, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കഴിഞ്ഞ പ്രാവശ്യത്തെ ഒരു ഗഡു മാത്രമാണു കൊടുത്ത ത്. ഈ വർഷത്തെ പദ്ധതിവിഹിതം സംബന്ധിച്ച അനിശ്ചിതത്വം നിലനിൽക്കുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാൻ കഴിയുന്നില്ല.
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്, കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ, കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപറേഷൻ, കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ, കേരള വാട്ടർ അഥോറിറ്റി തുടങ്ങിയ മിക്കവാറും എല്ലാ സ്ഥാപനങ്ങളും രൂക്ഷമായ സാമ്പത്തി ക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.
ആവശ്യത്തിനുള്ള മരുന്നില്ല. ഇതെല്ലാം വലിയ പ്രതിസന്ധിയാണ്. പക്ഷേ, സർക്കാർ മറച്ചു വയ്ക്കാൻ ശ്രമിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻവേണ്ടി ഒന്നുംചെയ്യുന്നില്ല.
സ്വാഭാവികമായി വിലക്കയറ്റം ഇല്ലാതാക്കാൻ നടപടി സ്വീകരിക്കേണ്ട സമയത്തു സർക്കാരിന്റെ കൈയിൽ അഞ്ചുപൈസയില്ലാത്ത സ്ഥിതിയാണ്. സർക്കാരിന്റെ പരസ്യ കാപ്സ്യൂൾകൊണ്ട് വിശപ്പുതീരില്ലെന്നും സതീശൻ പറഞ്ഞു. ഒരു പ്രഖ്യാപനവും നടത്താതെയാണ് പ്രധാനമന്ത്രി വയനാട് സന്ദർശിച്ചശേഷം മ ടങ്ങിയത്.
സർക്കാർ കൊടുക്കുന്ന നിവേദനത്തിന്റെ അടിസ്ഥാനത്തിൽ ഒരു പദ്ധതി പ്രഖ്യാപിക്കുമെന്നാണ് താൻകരുതിയത്. പ്രധാനമന്ത്രി വരുമ്പോൾ നമ്മുടെ ദുരിതാശ്വാസ പ്രവർത്തനങ്ങളെക്കുറിച്ച്, പുനരധിവാസ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വളരെ വിശദമായ ഒരു പ്ലാനും അതിനു സംസ്ഥാനത്തിനുവരുന്ന ബാധ്യത, ഭാവിയിൽ ഉണ്ടാകാതിരിക്കാനുള്ള നടപടികൾ ഇത്രയും കാര്യങ്ങളെ സംബന്ധിച്ചുള്ള ഒരു വലിയ മെമ്മോറോണ്ടം പ്രധാനമന്ത്രിക്കു സമർപ്പിക്കേണ്ടതു കൊടുത്തിട്ടില്ല.
എന്തായാലും ഇന്നോ നാളയോ കൊടുക്കട്ട. അതിനെ തുടർന്ന്് കേന്ദ്ര ഗവൺമെന്റ് തീരുമാനമെടുക്കട്ടെ - വി.ഡി. സതീശൻ പറഞ്ഞു.