താന്ത്രിക തിലക പുരസ്കാരം വിദ്യാധരൻ മാസ്റ്റർക്ക് സമ്മാനിച്ചു
1444151
Monday, August 12, 2024 1:42 AM IST
കൊടുങ്ങല്ലൂർ: ആല കോതപ്പറമ്പ് കോരു ആശാൻ സ്മാരക വൈദിക സംഘം സ്ഥാപകാചാര്യൻ ബ്രഹ്മശ്രീ തിലകൻ തന്ത്രികളുടെ പന്ത്രണ്ടാമത് ശ്രാദ്ധ വാർഷികം "ദ്വാദശ സപര്യ' യായി വൈദിക സംഘം ആചരിച്ചു. ശ്രീ ശങ്കരനാരായണ ക്ഷേത്രാങ്കണത്തിൽ ആരംഭിച്ച ചടങ്ങുകൾ ശിവഗിരി മഠത്തിലെ ബ്രഹ്മസ്വരൂപാനന്ദ സ്വാമി ഭദ്രദീപ പ്രകാശനത്തോടെ ആരംഭിച്ചു. ബെന്നി ബെഹനാൻ എംപി ഉദ്ഘാടനം ചെയ്തു. വൈദിക സംഘം ആചാര്യൻ സി.ബി. പ്രകാശൻ തന്ത്രികൾ അധ്യക്ഷത വഹിച്ചു. പ്രഭാഷകനും സാഹിത്യ നിരൂപകനുമായ ഡോ. എം.എം. ബഷീർ മുഖ്യ ഭാഷണം നടത്തി.
ആചാര്യന്റെ നാമധേയത്തിൽ നൽകി വരുന്ന താന്ത്രിക തിലക പുരസ്ക്കാരം സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർക്ക് സമർപ്പിച്ചു. ജ്യോതിഷത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയ ജ്യോതി രാജ് എടക്കളത്തൂരിനെ ആദരിച്ചു. ചികിത്സാ സഹായധന വിതരണം എ.ആർ. ശ്രീകുമാറും, വിദ്യഭ്യാസ പ്രോത്സാഹന വിതരണം പി.കെ. രവീന്ദ്രനും നിർവഹിച്ചു. സുബീഷ് ചെത്തിപ്പാടത്ത്, പി.എസ്. സ്വരൂപ് , കെ.ഡി.വിക്രമാദിത്യൻ, ചെയർമാൻ എം.എൻ. നന്ദകുമാർ തന്ത്രികൾ , കൺവീനർ ഇ.കെ. ലാലപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു.