ശബരിമല, ഗുരുവായൂർ, ഏറ്റുമാനൂർ ക്ഷേത്രങ്ങളിൽ ഇല്ലംനിറയ്ക്ക് ഇത്തവണയും കതിരുകൾ ആലാട്ട് തറവാട്ടിൽനിന്ന്
1444015
Sunday, August 11, 2024 6:49 AM IST
എരുമപ്പെട്ടി: ക്ഷേത്രങ്ങളിലെ ഇല്ലംനിറയ്ക്കുള്ള നെൽക്കതിരുകൾ ഇത്തവണയും ആലാട്ട് തറവാട്ടിൽനിന്നു തന്നെ. പ്രസിദ്ധമായ ഏറ്റുമാനൂർ, ശബരിമല, ഗുരുവായൂർ ക്ഷേത്രങ്ങളുൾപ്പെടെ ഇല്ലംനിറയ്ക്കുള്ള കതിർക്കറ്റകൾ തയാറാക്കിനൽകിയത് ആലാട്ട് വീട്ടിലെ ബാബുവും കൃഷ്ണൻകുട്ടിയുമാണ്. ചെമ്മന്തിട്ട പാടശേഖരം വെള്ളക്കെട്ടിൽ മുങ്ങിയെങ്കിലും കതിരുകൾക്കു നാശമൊന്നും സംഭവിക്കാതെ നൂറുമേനി വിളവാണ് ആലാട്ട് തറവാട്ടിൽ ഇത്തവണ ലഭിച്ചത്.
പലയിടത്തും ഇല്ലംനിറയ്ക്കായി കൃഷിചെയ്ത കതിർക്കറ്റകൾ വെള്ളക്കെട്ടിൽ മുങ്ങിത്താഴ്ന്നതിനാൽ മിക്ക ക്ഷേത്രങ്ങൾക്കും കതിരുകൾ ലഭിക്കാത്ത സാഹര്യമുണ്ടായി. ഇവിടങ്ങളിലേക്കെല്ലാം വ്രതശുദ്ധിയോടെ ഒരുക്കിയ കതിരുകൾ നൽകാൻ കഴിഞ്ഞതിൽ കൃതാർഥരാണെന്നു ചെമ്മന്തിട്ട പാടശേഖരത്തിലെ കൃഷിക്കാരായ ആലാട്ട് ബാബുവും കൃഷ്ണൻകുട്ടിയും പറഞ്ഞു.
സമൂഹം പരിഷ്കാരങ്ങൾ പിന്നിടുമ്പോഴും സമ്പൽസമൃദ്ധിയുടെ അടയാളമായി നിലകൊള്ളുന്ന ഇല്ലംനിറയെ ചേർത്തുപിടിക്കുന്ന സംസ്കാരം ഇന്നുമുണ്ട്. അതുകൊണ്ടുതന്നെ കതിരുകൾക്കു ക്ഷാമം നേരിടുന്ന സാഹചര്യത്തിലും പുത്തൻതലമുറയുടെ വീടുകളിലും സ്ഥാപനങ്ങളിലേക്കും വേണ്ട കതിരുകൾ എത്തിച്ചതും ആലാട്ട് ബാബുവും കൃഷ്ണൻകുട്ടിയുമാണ്.