ഉന്നതവിദ്യാഭ്യാസത്തിന് ഉതകുന്ന രീതിയിൽ കലാപഠന സിലബസ് പരിഷ്കരിക്കണം: മന്ത്രി
1444013
Sunday, August 11, 2024 6:49 AM IST
മുളങ്കുന്നത്തുകാവ്: ഉന്നത വിദ്യാഭ്യാസത്തിനു യോജിക്കുന്ന വിധത്തിലും പുതിയ കാലത്തിനനുസൃതമായും കലാപഠനത്തിന്റെ ആവശ്യകത മുൻനിർത്തിയും കലാപഠനത്തിന്റെ സിലബസ് പരിഷ്കരിക്കേണ്ടത് ആവശ്യമാണെന്നു മന്ത്രി ഡോ.ആർ. ബിന്ദു അഭിപ്രായപ്പെട്ടു. ഇക്കാര്യം ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെയും ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന്റെയും പരിഗണനയിലുള്ള മുഖ്യകാര്യമാണ്. മുളങ്കുന്നത്തുകാവ് കിലയിൽ നടക്കുന്ന ‘കലാവിദ്യാഭ്യാസം’ ദേശീയസെമിനാർ ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
കലാരംഗത്തുണ്ടാകുന്ന സിലബസ് പരിഷ്കരണം പുതിയ കലാകാരന്മാരെ മുന്നോട്ടുനയിക്കും. പല രംഗത്തും കലാവിദ്യാർഥികൾക്ക് അവസരവും ലഭിക്കും. കലാവിദ്യാഭ്യാസരംഗത്തു കരിക്കുലം ചിട്ടപ്പെടുത്തും. കലാവിദ്യാർഥികൾക്കു പഠന സ്ഥലസൗകര്യങ്ങൾ വർധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ അധ്യക്ഷത വഹിച്ചു. വഡോദര മഹാരാജ സയാജിറാവു സർവകലാശാല അസോസിയേറ്റ് പ്രഫസറും എഴുത്തുകാരനുമായ ഇന്ദ്രപ്രമിത് റായ് മുഖ്യപ്രഭാഷണം നടത്തി. കേരള ലളിതകല അക്കാദമി ചെയർപേഴ്സണ്‍ മുരളി ചീരോത്ത്, സെക്രട്ടറി എൻ. ബാലമുരളികൃഷ്ണൻ, അംഗം വിജയരാജമല്ലിക, ആർട്ടിസ്റ്റ് ഡോ. കവിത ബാലകൃഷ്ണൻ, എക്സിക്യൂട്ടീവ് അംഗം ലേഖ നാരായണൻ എന്നിവർ പ്രസംഗിച്ചു. ബോസ് കൃഷ്ണമാചാരി, പ്രഫ. ധീരജ് കുമാർ, ഡോ. ശാരദ നടരാജൻ, രാഖി പസ്വാനി എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.