പുതുക്കാട് താലൂക്ക് ആശുപത്രിയിൽ രോഗികൾ വലയുന്നു
1444007
Sunday, August 11, 2024 6:49 AM IST
പുതുക്കാട്: പകർച്ചപ്പനിയും മഴക്കെടുതിയും പിടിമുറുക്കിയ പുതുക്കാട് മേഖലയിൽ താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരുടെ കുറവ് സാധാരണക്കാരന്റെ ദുരിതമിരട്ടിയാക്കുന്നു.
കഴിഞ്ഞദിവസം രാത്രി 160 പേർ എത്തിയ ഒ.പി. വിഭാഗത്തിൽ ഒരു ഡോക്ടർ മാത്രമാണ് ഉണ്ടായിരുന്നത്. വാഹനാപകടങ്ങളും മഴക്കാലരോഗങ്ങളും പെരുകിയ സമയത്ത് ഡ്യൂട്ടിയിലുള്ള ഡോക്ടറും ചക്രശ്വാസം വലിക്കുകയാണ്.
അപകടങ്ങളോ അത്യാഹിതങ്ങളോ ഉണ്ടായാൽ ജില്ലാശുപത്രിയിലേക്കാേ മെഡിക്കൽ കോളജിലേക്കോ റഫർ ചെയ്യുന്നതാണ് ഇവിടുത്തെ രീതി. ദേശീയപാതയിൽ ഏറ്റവും കൂടുതല്‍ അപകടം നടക്കുന്ന പ്രദേശമാണ് നെല്ലായിമുതല് ആമ്പല്ലൂര്‍ വരെയുള്ള ഭാഗം. അതില്‍തന്നെ പുതുക്കാട് സിഗ്നലിലും കെഎസ്ആര്‍സി സ്റ്റാൻഡ് പരിസരത്തും ദിവസേനയെന്നോണം അപകടങ്ങളുണ്ടാകുന്നുണ്ട്. ഇവിടങ്ങളില്‍ അപകടങ്ങളുണ്ടായാൽ ഏറ്റവും അടുത്ത് വൈദ്യസഹായത്തിന് സമീപിക്കാവുന്നത് പുതുക്കാട് താലൂക്ക് ആശുപത്രിയാണ്.
എന്നാൽ ഇവിടെ അത്യാഹിത വിഭാഗമോ ട്രോമകെയർ സംവിധാനമോ കാര്യക്ഷമായിട്ടില്ല. അപകടത്തിൽപ്പെട്ടവരെ തൃശൂരിൽ എത്തിക്കാനുള്ള കാലതാമസം പലപ്പോഴും വലിയ ദുരന്തങ്ങൾക്ക് വഴിവയ്ക്കുന്നു.
ഡയാലിസിസ് സൗകര്യവും മികച്ച ദന്തരോഗ ചികിത്സാ വിഭാഗവും സ്പെഷലൈസേഷനുള്ള 12 ഡോക്ടര്‍മാരും 24 മണിക്കൂര്‍ ഡോക്ടറുടെ സേവനവും പുതുക്കാട് താലൂക്ക് ആശുപത്രയിലുണ്ട്. എന്നാൽ രാത്രി എട്ടിനു ശേഷം ഇവിടെ ഡ്യൂട്ടിയിലുണ്ടാകുന്നത് ഒരുഡോക്ടർ മാത്രമാണ്.
ദേശീയപാത ആറുവരിയായി വികസിച്ചതോടെ മേഖലയിൽ അപകടങ്ങളും പതിന്മടങ്ങാണ്. പുതുക്കാട് സിഗ്നലില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ 40 പേരാണ് അപകടങ്ങളിൽ മരിച്ചത്. അംഗവൈകല്യം സംഭവിച്ചവരും നിരവധിയാണ്.
തോട്ടം മേഖലയിലെ സാധാരണക്കാരായ നിരവധി പേർക്ക് ആശ്രയമായ പുതുക്കാട് താലൂക്ക് ആശുപത്രിയിൽ ഒപി വിഭാഗത്തിൽ പ്രത്യേക ടോക്കൺ സംവിധാനം ഏർപ്പെടുത്തണമെന്നതും നാളുകളായുള്ള ആവശ്യമാണ്. ഒപി യിൽ രോഗികളെ പരിശോധിക്കുന്നയിടത്തും തിരക്ക് നിയന്ത്രിക്കാൻ ഇവിടെ സംവിധാനമില്ല. ഒരു രോഗിയെ പരിശോധിക്കുമ്പോൾ തന്നെ പിറകിലും വാതിൽ കടന്നും രോഗികൾ നിൽക്കുന്നത് പതിവ് കാഴ്ചയാണ്. പ്രായമായവരും ഭിന്നശേഷിക്കാരും തിക്കിതിരക്കി ഒപി ടിക്കറ്റെടുക്കുന്നതും പതിവാണ്. പ്രത്യേക പരിഗണന അർഹിക്കുന്ന വിഭാഗങ്ങൾക്ക് ടോക്കൺ ഏർപ്പെടുത്തണമെന്നും പരിശോധനയിൽ സ്വകാര്യത ഉറപ്പാക്കണമെന്നം ആവശ്യമുണ്ട്.
നേരത്തേ പുതുക്കാട് താലൂക്ക് ആശുപത്രി വികസനവുമായി ബന്ധപ്പെട്ട് മന്ത്രി വീണാ ജോർജിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നിരുന്നു. ആശുപത്രിയുടെ വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ആവശ്യമായ നടപടികൾ ഉണ്ടാകുമെന്ന് അന്ന് കെ.കെ. രാമചന്ദ്രൻ എംഎൽഎ അറിയിച്ചിരുന്നു. എന്നാൽ ഇപ്പോഴും ആശുപത്രിയെ ആശ്രയിക്കുന്ന രോഗികളുടെ ദുരിതം മാറ്റമില്ലാതെ തുടരുകയാണ്.