കണ്ണില്ലാത്തവരോട് കണ്ണിൽചോരയില്ലാതെ സാമൂഹികവിരുദ്ധർ
1444006
Sunday, August 11, 2024 6:49 AM IST
വടക്കാഞ്ചേരി: കണ്ണില്ലാത്തവരോട് കണ്ണിൽ ചോരയില്ലാതെ സാമൂഹികവിരുദ്ധർ. ഓട്ടുപാറ- വാഴാനി റോഡിൽ റെയിൽവേ ഗേറ്റിൽ ലോട്ടറി വില്പന നടത്തി ഉപജീവനം നടത്തുന്ന രണ്ടു കണ്ണും കാണാത്ത കുഞ്ഞുമോനെയാണ് പുതിയ ലോട്ടറി എടുത്ത് പകരം പഴയ ലോട്ടറിവച്ച് പറ്റിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് കുഞ്ഞുമോൻ വടക്കാഞ്ചേരി പോലീസിൽ പരാതി നൽകി.വലിയൊരുലോട്ടറിക്കെട്ടിൽനിന്നും 50 ഓളം ലോട്ടറികൾ മാറ്റി പഴയ ലോട്ടറികൾകെട്ടിൽ വയ്ക്കുകയായിരുന്നു എന്നു കുഞ്ഞുമോൻ പറഞ്ഞു.
കുഞ്ഞുമോനെ പറ്റിക്കുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്. ഇതിനോടകംതന്നെ ആയിരക്കണക്കിനു രൂപയുടെ നഷ്ടം സംഭവിച്ചതായും ലോട്ടറി ടിക്കറ്റ് തന്റെ കൈയിൽനിന്നും തട്ടിയെടുത്തവനെ ഒരു കാരണവശാലും ശപിക്കില്ലെന്നും പാവം കുഞ്ഞുമോൻ പറയുന്നു.