വെമ്പല്ലൂർ: നിർധനരായ കുടുംബങ്ങളിലെ യുവതികളെ "വലവീശാൻ" ചെറിയ ഇടവേളക്കുശേഷം തീരദേശ പഞ്ചായത്തുകളിൽ അവയവമാഫിയ സജീവമായിരിക്കുകയാണ്. ഇക്കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ ഏഴുപേരാണു ശ്രീനാരായണപുരം ഉൾപ്പെടെയുള്ള പഞ്ചായത്തുകളിൽ വൃക്കദാനം ചെയ്യാനാനായി സാക്ഷ്യപത്രത്തിനായി അപേക്ഷ സമർപ്പിച്ചിട്ടുള്ളത്. ബന്ധുക്കൾക്കോ, സുഹൃത്തുക്കൾക്കോ വേണ്ടിയാണെന്നാണു ഭാഷ്യം.
ആദ്യം ചെറിയതുക മുൻകൂറായി വീട്ടുകാർക്കു നൽകും. വൃക്ക കൊടുത്തുകഴിഞ്ഞാൽ ബാക്കിയുള്ള പണം നൽകാമെന്നു പറയുകയും പിന്നീട് വാഗ്ദാനം ചെയ്ത തുകയൊന്നും ലഭിക്കാറില്ലെന്ന് ഇത്തരത്തിൽ തട്ടിപ്പിനിരയായവർ പറയുന്നു. ഇതേസമയം വൃക്ക ദാനംചെയ്യാൻ കൂടുതലായി സാക്ഷ്യപത്രം വരുന്നതിൽ അസ്വാഭാവികത തോന്നുന്നതായി ശ്രീനാരായണപുരം പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. മോഹനൻ പറഞ്ഞു. ഇത്തരത്തിലുള്ള സംഭവങ്ങൾ ആരോഗ്യവകുപ്പിന്റെയും പോലീസിന്റെയും ശ്രദ്ധയിൽ കൊണ്ടുവരുമെന്നും ഭരണസമിതി യോഗം ചേർന്ന് ഉചിത തീരുമാനം സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.