വില്വാദ്രിനാഥനു നെൽക്കതിർക്കറ്റകൾ സമർപ്പിച്ച് വില്വമലയിൽ ഇല്ലംനിറ
1443544
Saturday, August 10, 2024 1:59 AM IST
തിരുവില്വാമല: ഭക്തിയുടെയും ഐശ്വര്യത്തിന്റെയും നിറവിൽ ശ്രീ വില്വാദ്രിനാഥ ക്ഷേത്രത്തിൽ ഇല്ലംനിറ ആഘോഷിച്ചു. മേൽശാന്തിമാരായ മുണ്ടക്കൽ മന വാമനൻ നമ്പൂതിരി, കുന്നത്ത് മന കേശവൻ നമ്പൂതിരി എന്നിവരുടെ കാർമികത്വത്തിലായിരുന്നു ചടങ്ങുകൾ. കാർഷികസമൃദ്ധിയുടെ നെൽക്കതിർ കറ്റകൾ പന്തീരടി പൂജയ്ക്ക് ശേഷം പടിഞ്ഞാറെ ഗോപുര നടയിൽ കൊണ്ടുവന്ന് വാദ്യമേളങ്ങളുടെയും കുത്തുവിളക്കുകളുടെയും അകമ്പടിയോടെ ക്ഷേത്രത്തിനകത്തേക്കു പ്രവേശിച്ച് വലിയമ്പലത്തിൽ ഒരുക്കിയ പൂജാമണ്ഡപത്തിൽ പൂജകൾക്കുശേഷം നെൽക്കതിരുകൾ ഭക്തർക്ക് പ്രസാദമായി നൽകി.
ഉച്ചയ്ക്ക് നടന്ന പ്രസാദ ഊട്ടിനും ജനത്തിരക്ക് ദൃശ്യമായി. ക്ഷേത്രത്തിലെ പുത്തരിനിവേദ്യം ഉത്രാടം നാളായ സെപ്റ്റംബർ 14 ന് നടക്കും. പാമ്പാടി ഐവർമഠം ശ്രീകൃഷ്ണ ക്ഷേത്രം, സോമേശ്വരം ശിവക്ഷേത്രം, പറക്കോട്ടുകാവ്, ചെറുതൃക്കോവിൽ എന്നീ ക്ഷേത്രങ്ങളിലും ഇല്ലംനിറ ആഘോഷിച്ചു.