പാലിയേക്കര ടോളില്‍ വാഹനങ്ങളെ പിടികൂടാന്‍ അശാസ്ത്രീയ ഹമ്പ്
1443542
Saturday, August 10, 2024 1:59 AM IST
പാലിയേക്കര: ടോള്‍ ബൂത്തുകളില്‍ അശാസ്ത്രീയമായി ഹമ്പുകള്‍ സ്ഥാപിച്ചതിനെതിരെ വ്യാപകപരാതി. ഓരോ ഫാസ്ടാഗ് ട്രാക്കുകളിലും ടോള്‍ കമ്പനി രണ്ടു ഹമ്പുകള്‍ വീതമാണു സ്ഥാപിച്ചത്. ടാഗ് റീഡ് ചെയ്യുന്ന ബൂത്ത് എത്തുന്നതിന് തൊട്ടുമുന്‍പാണ് ഹമ്പുകളുള്ളത്. ബസ്, ലോറി പോലുള്ള വലിയ വാഹനങ്ങളുടെ മുന്‍പിലും പിറകിലുമുള്ള ചക്രങ്ങള്‍ ഈ ഹമ്പുകളിലാണു കയറി നില്‍ക്കുന്നത്.
ടാഗ് റീഡ് ചെയ്തശേഷം വാഹനങ്ങള്‍ ഹമ്പില്നിന്നിറങ്ങിയാല് പിറകിലുള്ള വാഹനങ്ങളില്‍ ഇടിക്കാന്‍ സാധ്യതയേറെയാണ്. ടോള്‍ ബൂത്തുകളില്‍ വാഹനങ്ങള്‍ ഒന്നിനുപിറകെ ഒന്നായി കാത്തുനില്ക്കുന്നതാണു പതിവ്. ഫാസ്ടാഗ് ട്രാക്കുകളില്‍ സ്ഥാപിച്ച ഹമ്പുകള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസ് തൊഴിലാളി -ബിഎംഎസ് യൂണിയന് ദേശീയപാത അഥോറിറ്റിക്കു പരാതി നല്കി. എന്നാല്‍, ടോള്‍ നല്‍കാതെ വേഗത്തില്‍ കടന്നുപോകുന്ന വാഹനങ്ങളെ പിടികൂടുന്നതിനാണ് ഹമ്പ് സ്ഥാപിച്ചതെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.
വാഹനങ്ങള്‍ നിര്‍ത്താതെ പോകുമ്പോള്‍ ബൂത്തുകളിലെ ബാരിക്കേഡുകള്‍ തകരുന്നതായും ദിവസവും നൂറിലേറെ വാഹനങ്ങളാണ് ഇത്തരത്തില്‍ ടോള്‍ നല്‍കാതെ കടന്നുപോകുന്നതെന്നും കമ്പനി അധികൃതര്‍ പറയുന്നു.