ജൂബിലിയുടെ നേതൃത്വത്തിൽ 300 പേർക്കു സൗജന്യ വൈദ്യപരിശോധന
1441935
Sunday, August 4, 2024 7:18 AM IST
തൃശൂർ: കനത്ത മഴയെത്തുടർന്നു വിവിധ കേന്ദ്രങ്ങളിലേക്കു മാറ്റിപ്പാർപ്പിച്ച ആളുകൾക്കായി തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളജിലെ കമ്യൂണിറ്റി മെഡിസിൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ വിവിധയിടങ്ങളിലായി മെഡിക്കൽ ക്യാന്പുകൾ നടത്തി. തലോർ, മരത്താക്കര, നെൻമണിക്കര, പാഴായി, ചെറുവാൾ എന്നിവിടങ്ങളിലാണു ക്യാന്പുകൾ നടത്തിയത്.
11 ഡോക്ടർമാരടങ്ങിയ ആരോഗ്യപ്രവർത്തകരുടെ സംഘം പരിശോധന നടത്തി അടിയന്തരചികിത്സയ്ക്കാവശ്യമായ മരുന്നുകൾ നൽകി. നെൻമണിക്കര പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ബൈജൂ, ജൂബിലി മിഷൻ ആശുപത്രി അസി. ഡയറക്ടർ ഫാ. പോൾ ചാലിശേരി, കമ്യൂണിറ്റി മെഡിസിൻ വിഭാഗത്തിലെ ഡോ. ജോ തോമസ്, ഡോ. പൊന്നു, ഡോ. തോംസൻ, ഡോ. രാധിക, ഡോ. രാഖി എന്നിവരാണു ക്യാന്പുകൾക്കു നേതൃത്വം നൽകിയത്.
മെഡിക്കൽ കോളജിൽനിന്നുള്ള 35 വിദ്യാർഥിസന്നദ്ധപ്രവർത്തകരുടെ നേതൃത്വത്തിൽ ക്യാന്പുകളിലെ അംഗങ്ങൾക്കായി മഴക്കാലരോഗങ്ങളെക്കുറിച്ചും വെള്ളപ്പൊക്കംമൂലം ഉണ്ടാകാവുന്ന രോഗങ്ങളെക്കുറിച്ചും പ്രതിരോധനടപടികളെക്കുറിച്ചും ബോധവത്കരണ ക്ലാസുകളും നടത്തി. തുടർന്നു പ്രതിരോധഗുളികകളും വിതരണം ചെയ്തു. പ്രളയബാധിതപ്രദേശങ്ങളിൽ വൈദ്യസഹായം എത്തിക്കുന്നതിനായി ജൂബിലി മിഷൻ ആശുപത്രിയിൽ സന്നദ്ധസംഘം രൂപീകരിച്ചിട്ടുണ്ടെന്ന് ആശുപത്രി ഡയറക്ടർ ഫാ. റെന്നി മുണ്ടൻകുരിയൻ അറിയിച്ചു.