പ്രളയത്തിൽ വടക്കാഞ്ചേരിയിലെ വ്യാപാരികൾക്ക് നഷ്ടം രണ്ടുകോടി
1441785
Sunday, August 4, 2024 2:57 AM IST
വടക്കാഞ്ചേരി: കലിതുള്ളി കാലവർഷം പെയ്തൊഴിഞ്ഞതോടെ സങ്കടക്കടലിലാണ് വടക്കാഞ്ചേരി നഗരത്തിലെ വ്യാപാരികൾ. കഴിഞ്ഞ ചൊവ്വാഴ്ച നഗരം വെള്ളത്തിൽ മുങ്ങിയതിനെ തുടർന്ന് വ്യാപാരസ്ഥാപനങ്ങൾ തുറക്കാനായിരുന്നില്ല.
വെള്ളമൊഴിഞ്ഞപ്പോൾ നിത്യോപയോഗസാധനങ്ങൾ, ബേക്കറി ഉത്പന്നങ്ങൾ, ആയുർവേദ സാമഗ്രികൾ, മരുന്നുകൾ, കമ്പ്യൂട്ടർ, ഇൻവെർട്ടർ, യുപിഎസ്, ഗൃഹോപകരണ ഉത്പന്നങ്ങൾ, തുണിത്തരങ്ങൾ എന്നിവയെല്ലാം വെള്ളംകയറി നശിച്ചു.
ഓണക്കച്ചവടം പ്രതീക്ഷിച്ച് സ്റ്റോക്ക് ചെയ്തിരുന്ന ഉത്പന്നങ്ങൾ വലിയതോതിൽ നശിച്ചതായി വ്യാപാരികൾ അറിയിച്ചു. രണ്ടുകോടിയുടെ നാശനഷ്ടം സംഭവിച്ചതായാണ് പ്രാഥമിക നിഗമനമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി ഭാരവാഹികൾ അറിയിച്ചു. ഓട്ടുപാറയിലെരണ്ട് സ്വകാര്യ ആശുപത്രികളിലും വെള്ളംകയറി നാശനഷ്ടമുണ്ടായി. ആധുനിക യന്ത്രങ്ങളും, കട്ടിൽ, കിടക്ക എന്നിവയും നശിച്ചതായി ആശുപത്രി അധികൃതർ പറഞ്ഞു.
പല വ്യാപാര സ്ഥാപനങ്ങളും തുറക്കാൻ ഇനിയും ദിവസങ്ങൾ കഴിയണം. ചെളിയും മണ്ണും സ്ഥാപനത്തിനുള്ളിൽ നിറഞ്ഞ നിലയിലാണ്. പുറമേനിന്നുള്ള ജീവനക്കാരെയെത്തിച്ചാണ് ശുചീകരണം നടത്തുന്നത്. സർക്കാർ ഇടപെട്ട് നഷ്ടപരിഹാരം നൽകണമെന്നും ഇവർ ആവശ്യപ്പെടുന്നുണ്ട്.
മഴ ശക്തമാകുമ്പോഴെല്ലാം കെടുതി അനുഭവിക്കേണ്ടവരായി വ്യാപാരികൾ മാറുകയാണെന്ന് ഏകോപ നസമിതി വടക്കാഞ്ചേരി യൂണിറ്റ് പ്രസിഡന്റ് അജിത്കുമാർ മല്ലയ്യ അറിയിച്ചു. വലിയ കടക്കെണിയിലാണ് വ്യാപാരി സമൂഹം. നാശനഷ്ടത്തിന് പരിഹാരം കാണാൻ സർക്കാർ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.