പച്ചക്കറിക്കച്ചവടക്കാരുടെ നല്ല മനസിന് ആദരവ്
1441782
Sunday, August 4, 2024 2:57 AM IST
പഴയന്നൂര്‍: പച്ചക്കറി വിറ്റ തുക ദുരിതാശ്വാസനിധിയിലേക്ക് നൽകിയ യുവാക്കൾക്ക് ആദരവുമായി പോലീസെത്തി.
പഴയന്നൂരിൽ പച്ചക്കറി കച്ചവടംനടത്തുന്ന പാലക്കാട് മുത്താൻതറ സ്വദേശി ശിവനും ആലത്തൂർ സ്വദേശി ഷമീറിനുമാണ് ആദരവു നൽകിയത്. ഇവര്‍ ദുരിതാശ്വാസക്യാമ്പിലേക്ക് പച്ചക്കറി എടുക്കാൻ പാലക്കാട്ടെത്തി. പക്ഷേ ആവശ്യത്തിന് പച്ചക്കറി ലഭ്യമായില്ല. എടുത്ത പച്ചക്കറി കിറ്റുകളാക്കി ആലത്തൂരിലെ ദേശീയ മൈതാനിയിൽ എത്തിച്ചു വില്പനനടത്തി.
വിലപറയാതെ ഒരു ബക്കറ്റിൽ ഇഷ്ടമുള്ള തുകയിട്ടശേഷം കിറ്റ് എടുക്കാവുന്ന രീതിയിലായിരുന്നു കച്ചവടം. ലഭിച്ച 25,360 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഏല്പിച്ചു. മംഗലംഡാം സിഐ എസ്. അനീഷും പഴയന്നൂർ എസ്ഐ പി. ജയപ്രകാശുംചേന്ന് പഴയന്നൂരിലെ പച്ചക്കറികടയിലെത്തി ശിവനേയും ഷമീറിനേയും ആദരിച്ചു.