ആറാട്ടുപുഴ വില്ലേജിൽ ഓഫീസറില്ല, ജനം ദുരിതത്തിൽ
1441780
Sunday, August 4, 2024 2:57 AM IST
ചേർപ്പ്: ആറാട്ടുപുഴ വില്ലേജിൽ ഓഫീസറില്ലാത്തത് ജനത്തിനു ദുരിതമായി. വല്ലച്ചിറ പഞ്ചായത്ത് പരിധിയിൽ കാലവർഷക്കെടുതിയെ തുടർന്ന് രണ്ടുദുരിതാശ്വാസക്യാമ്പുകൾ പ്രവർത്തിക്കുമ്പോഴാണ് വില്ലേജ് ഓഫീസിൽ മാസങ്ങളായി ജീവനക്കാരില്ലാത്ത അവസ്ഥ.
ആറാട്ടുപുഴ വില്ലേജ് ഓഫീസർ മേയ് 31ന് വിരമിച്ചതിനെ തുടർന്ന് പുതിയ നിയമനം നടത്താതെയാണ് സർക്കാർ നാട്ടുകാരെ കഷ്ടപ്പെടുത്തുന്നത്. കാലവർഷക്കെടുതിയെ തുടർന്ന് സർക്കാരിൽനിന്ന് ലഭിക്കേണ്ട അനുകൂല്യങ്ങൾക്കായി നിരവധിപേരാണ് ദിവസേന വില്ലേജ് ഓഫീസിൽ എത്തുന്നത്. എന്നാൽ ഓഫീസർ ഇല്ലാത്തതിനെ തുടർന്ന് സമീപ വില്ലേജ് ഓഫീസുകളായ വല്ലച്ചിറ, ചേർപ്പ് എന്നിവിടങ്ങളിലേക്ക് പറഞ്ഞുവിടുകയാണ് ചെയ്യുന്നത്.
വില്ലേജിൽനിന്ന് ലഭിക്കേണ്ട രേഖകൾ ഓൺലൈൻ സേവനങ്ങൾ ഉപയോഗിച്ച് അപേക്ഷിക്കാമെങ്കിലും അവ അനുവദിച്ച് നൽകുന്നതിനായി ഓഫീസിൽ ജീവനക്കാർ ഇല്ലാത്തതാണ് പ്രശ്നമാകുന്നത്. പോക്കുവരവ് അടക്കമുള്ളവ വില്ലേജ് ഓഫീസിൽനിന്ന് സ്ഥലത്തെത്തി ചെയ്യേണ്ടതാണ്. വില്ലേജ് ഓഫീസറും ഫീൽഡ് ഓഫീസറും ഇല്ലാത്ത അവസ്ഥയാണെന്ന് നാട്ടുകാർ ആരോപിച്ചു.