ചാലക്കുടിയിൽ രോഗപ്രതിരോധ പ്രവർത്തനങ്ങൾ അവതാളത്തിൽ: പ്രതിപക്ഷ നേതാവ്
1441770
Sunday, August 4, 2024 2:57 AM IST
ചാലക്കുടി: രോഗപ്രതിരോധ പ്രവർത്തനങ്ങൾ അവതാളത്തിലാണെന്നു നഗരസഭ പ്രതിപക്ഷ നേതാവ് സി.എസ്.സുരേഷ്. കഴിഞ്ഞ മഴയിൽ വെള്ളം കയറിയ വീടുകളും പരിസര പ്രദേശങ്ങളും അണുമുക്തമാക്കുന്നതിനുള്ള ഒരു പ്രവർത്തനവും നടത്തിയില്ല.
ഒന്ന്, രണ്ട്, നാല് വാർഡുകളുൾപ്പെടെ പല വാർഡുകളിലും മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിട്ടുണ്ട്. നഗരപരിധിയിൽ ഡെങ്കുകേസുകൾ നിരവധിയാണ്. മഴക്കാലത്ത് വാർഡുകൾ കേന്ദ്രീകരിച്ച് വീടുകളിൽ നടത്താറുള്ള കിണറുകളുടെ ക്ലോറിനേഷൻ ഇതുവരെ നടന്നില്ല. മുമ്പ് ക്ലോറിൻ ചെറിയ പാക്കറ്റുകളിലാക്കി ഓരോ വാർഡിലേയ്ക്കും വീടുകളുടെ എണ്ണം കണക്കാക്കി കൊടുത്തയയ്ക്കാറുണ്ട്.
കൂടാതെ വാർഡ് സാനിറ്റൈസേഷൻ കമ്മിറ്റികൂടി ആർആർടികളുടെ നേതൃത്വത്തിൽ സോഴ്സ് റിഡക്ഷനും ക്ലോറിനേഷനും നടക്കാറുണ്ട്. ആവശ്യത്തിന് കുമ്മായവും നൽകും. ഇത്തവണ നഗരസഭയിലെത്തിയ ക്ലോറിൻ പൗഡറും കുമ്മായവും പൊട്ടി ചിന്നിച്ചിതറി ഹെൽത്ത് ഡിപ്പാർട്ട്മെന്റിൽ കിടക്കുകയാണ്.
പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾ ഇങ്ങനെ:
• പകർച്ചവ്യാധികൾക്കെതിരെ നഗരസഭയിൽനിന്നും ഏകോപിച്ചുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ഒന്നും നടക്കുന്നില്ല. ഫോഗിംഗ് നടക്കുന്നുണ്ടെന്ന് പറയുന്നുണ്ടെങ്കിലും കൃത്യമായി എങ്ങും എത്തുന്നില്ല. വെള്ളക്കെട്ടുകളിൽ കൊതുകിന് മരുന്നടിക്കുന്നത് നടക്കുന്നില്ല.
• മാലിന്യമുക്ത നവകേരളം പദ്ധതിക്കായി ചാലക്കുടി നഗരസഭയ്ക്ക് അനുവദിച്ച തുകയിൽ 20 ശതമാനംപോലും കഴിഞ്ഞ സാമ്പത്തിക വർഷം നഗരസഭ വിനിയോഗിച്ചില്ല.
• മൂന്ന് എംസിഎഫ് കൾ നിർമിക്കാൻ നിശ്ചയിച്ചെങ്കിലും ഒരെണ്ണം മാത്രമാണ് ഉണ്ടാക്കിയത്. അവിടെ എല്ലാ പ്ലാസ്റ്റിക് വേസ്റ്റുകളും അശ്രദ്ധമായി കൂട്ടിയിട്ട് മറ്റൊരു തീപ്പിടിത്തം ഉണ്ടാവുമോ എന്ന ഭയപ്പാടിലാണ് പ്രദേശവാസികൾ.
• ക്രിമറ്റോറിയത്തിനടുത്ത് പണികഴിപ്പിച്ച പ്ലാസ്റ്റിക് റീപ്രൊസസിംഗ് യൂണിറ്റ് കറന്റ് കണക്ഷൻ എടുത്ത് പ്രവർത്തിപ്പിക്കാനുളള നടപടികൾ ഇതുവരെ ആയിട്ടില്ല.
• വി.ആർ. പുരം അർബൻ കേന്ദ്രത്തിൽ ഒപി സ്ഥിരമായി മുടങ്ങുന്നത് പതിവായിരിക്കുന്നു. അവിടുടെ മെഡിക്കൽ ഓഫീസർ പകുതി ദിവസം പോലും ഡ്യൂട്ടിക്കു വരുന്നില്ല.