ജലമലിനീകരണത്തിനു ശാശ്വതപരിഹാരവുമായി കൊടുങ്ങല്ലൂർ നഗരസഭ
1441769
Sunday, August 4, 2024 2:57 AM IST
കൊടുങ്ങല്ലൂർ: ജലമലിനീകരണത്തിനു ശാശ്വതപരിഹാരംകാണാൻ ഒന്നേകാൽ കോടി രൂപയുടെ മലിനജല സംസ്കരണ പദ്ധതിയുമായി കൊടുങ്ങല്ലൂർ നഗരസഭ. ശുചിത്വ മിഷൻ സ്വച്ച് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ചെയർപേഴ്സൺ ടി.കെ. ഗീത വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മലിനജലം എത്തിച്ചേരുന്ന കാവിൽക്കടവ് കനാൽ ഉൾപ്പെടെയുള്ള നാലു ചെറുതോടുകളിൽ ഡ്രെയിനെജ് ട്രീറ്റ്മെന്റ് സംവിധാനം സ്ഥാപിച്ച് ശുദ്ധീകരിക്കുന്ന ജലം നദിയിലേക്ക് ഒഴുക്കുന്നതാണ് പദ്ധതി.
ജില്ലാ ശുചിത്വ മിഷനിൽനിന്നുള്ള വിദഗ്ധർ നഗരസഭയിലെത്തി പദ്ധതിയുടെ പ്രാരംഭ നടപടികൾക്കു തുടക്കം കുറിച്ചു. എക്സിക്യൂട്ടീവ് എൻജിനീയറുടെ സാങ്കേതിക മേൽനോട്ടത്തിൽ പദ്ധതിയുടെ പ്രവർത്തനങ്ങൾ നടക്കും.
നഗരത്തിലെ മലിനജല പ്രശ്നങ്ങൾക്ക് പരിഹരമാകുന്നതോടൊപ്പം നാഷണൽ ഗ്രീൻ ട്രിബ്യൂണൽ പ്രത്യേക ശ്രദ്ധ കൊടുത്തിട്ടുള്ള പെരിയാറിലെ മലിനജല സംസ്കരണ പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടുന്നതിനും ഈ പദ്ധതി സഹായകമാകുമെന്നു ചെയർപേഴ്സൺ പറഞ്ഞു. മുൻ ചെയർമാൻ കെ.ആർ. ജൈത്രൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എസ്. കൈസാബ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.