ശുചീകരണത്തൊഴിലാളികളുടെ റാങ്ക് ലിസ്റ്റ് റദ്ദാക്കി; വീണ്ടും അഭിമുഖം നടത്തും
1441523
Saturday, August 3, 2024 1:08 AM IST
ഇരിങ്ങാലക്കുട: പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് ഇരിങ്ങാലക്കുട നഗരസഭയില്‍ അഭിമുഖത്തിന്റെ അടിസ്ഥാനത്തില്‍ തയാറാക്കിയ ശുചീകരണ തൊഴിലാളികളുടെ റാങ്ക് ലിസ്റ്റ് റദ്ദാക്കി.
അഭിമുഖ നടപടികള്‍ സുതാര്യമായിട്ടല്ല നടന്നതെന്നും അഭിമുഖങ്ങള്‍ നടക്കുന്നതിനിടയില്‍ വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ഫെനി എബിനും നഗരസഭ സെക്രട്ടറിയും ഇറങ്ങിപ്പോയെന്നും റാങ്ക് ലിസ്റ്റ് അംഗീകരിക്കുന്ന കാര്യം ചര്‍ച്ച ചെയ്ത് തീരുമാനിക്കേണ്ട വിഷയമാണെന്നും എല്‍ഡിഎഫിലെ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാൻ അംബിക പള്ളിപ്പുറത്ത് അജൻഡയുമായി ബന്ധപ്പെട്ട് നഗരസഭ യോഗത്തില്‍ നടന്ന ചര്‍ച്ചയില്‍ പറഞ്ഞു. ലിസ്റ്റ് തയാറാക്കിയത് സുതാര്യമായ നടപടികളിലൂടെയല്ലെന്നാണു വ്യക്തമാകുന്നതെന്നും ലിസ്റ്റ് റദ്ദാക്കണമെന്നും എല്‍ഡിഎഫ് അംഗങ്ങളായ അഡ്വ. കെ.ആര്. വിജയ, സി.സി. ഷിബിന്‍, അഡ്വ. ജിഷ ജോബി എന്നിവരും ആവശ്യപ്പെട്ടു.
ലിസ്റ്റ് തട്ടിപ്പാണെന്നും സ്വന്തം പാര്‍ട്ടിക്കാരെ തിരുകിക്കയറ്റുന്ന എര്‍പ്പാടാണ് നടക്കുന്നതെന്നും ഒഴിവുകള്‍ പങ്കുവയ്ക്കുകയാണെന്നും ബിജെപി അംഗം ടി.കെ. ഷാജു ആരോപിച്ചു. ബിജെപി അംഗം വ്യാജമായ പരാതിയാണ് ഉന്നയിക്കുന്നതെന്നും എത്ര പേര് എല്‍ഡിഎഫില്‍ നിന്നും ഉണ്ടെന്ന് വ്യക്തമാക്കണമെന്നും എല്‍ഡിഎഫ് അല്‍ഫോണ്‍സ തോമസ് ആവശ്യപ്പെട്ടു. യോഗ്യതയുടെ അടിസ്ഥാനത്തിലല്ല നഗരസഭയില്‍ നിയമനങ്ങള്‍ നടക്കുന്നതെന്ന് വ്യക്തമാണെന്നും ലിസ്റ്റ് അംഗീകരിക്കാന്‍ കഴിയില്ലെന്നും ബിജെപി അംഗം സന്തോഷ് ബോബനും പറഞ്ഞു.
അഞ്ച് മിനിറ്റ് നേരത്തേക്ക് മാത്രമാണ് താന്‍ പുറത്തുപോയതെന്ന് ഫെനി എബിനും പോയ ഉടന്‍ താന്‍ തിരിച്ചുവന്നുവെന്നും ഒരു ഇടപെടലും ഉണ്ടായിട്ടില്ലെന്നും നഗരസഭയില്‍ ശുചീകരണ തൊഴിലാളികളുടെ കുറവ് നേരിടുന്നുണ്ടെന്നും റാങ്ക് ലിസ്റ്റ് അംഗീകരിക്കണമെന്നും സെക്രട്ടറിയും പറഞ്ഞു. സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ക്കനുസരിച്ചാണ് പട്ടിക തയാറാക്കിയതെന്നും റാങ്ക് ലിസ്റ്റ് ആര്‍ക്കുവേണമെങ്കിലും പരിശോധിക്കാമെന്നും നഗരസഭ ചെയര്‍പേഴ്സണ്‍ വിശദീകരിച്ചു.
എന്നാല്‍ വിശദീകരണത്തില്‍ പ്രതിപക്ഷം തൃപ്തരായില്ല. എല്‍ഡിഎഫ് അംഗം സി.സി. ഷിബിന്‍ വിഷയത്തില്‍ വോട്ടെടുപ്പും ആവശ്യപ്പെട്ടു. ഇതോടെ വീണ്ടും അഭിമുഖം നടത്താന്‍ തീരുമാനിച്ചതായി ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ്കുമാര്‍ പ്രഖ്യാപിച്ചു.