വെള്ളക്കെട്ട് രൂക്ഷം
1441178
Friday, August 2, 2024 12:57 AM IST
തൃശൂർ: മഴയ്ക്കു പിന്നാലെ തൃശൂർ ജില്ലയിലെ പലയിടത്തും വെള്ളക്കെട്ട് രൂക്ഷം. വീടുകളിലേക്കു മടങ്ങാനാകാതെ ആയിരങ്ങൾ ദുരിതാശ്വാസക്യാന്പുകളിൽ. 144 ക്യാന്പുകളിലായി 2984 കുടുംബങ്ങളാണു കഴിയുന്നത്.
കടകളിൽ വെള്ളം കയറി വ്യാപാരികൾക്കും കോടികളുടെ നഷ്ടം. ഡാമുകളിൽനിന്നു വെള്ളമൊഴുക്കു തുടരുന്നു. പീച്ചി ഡാമിന്റെ ഷട്ടറുകൾ 50 സെന്റീമീറ്റിലേക്കു താഴ്ത്തി. പൂമല ഡാമിന്റെ നാലു സ്പിൽവേ ഷട്ടറുകൾ നാലു സെന്റീമീറ്റർ വീതവും വാഴാനി ഡാമിന്റെ ഷട്ടറുകൾ 80 സെന്റീമീറ്റർ വീതവും തുറന്നു. നദികളിലെ ജലനിരപ്പ് അപകടകരമായി തുടരുന്നതിനാൽ കേന്ദ്ര ജല കമ്മീഷൻ കരുവന്നൂർ, ഗായത്രി പുഴകളിൽ ഓറഞ്ച് അലർട്ടും കേച്ചേരിപ്പുഴയിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. മണലി, കുറുമാലിപ്പുഴയിലെ ജലനിരപ്പും അപകടനിലയ്ക്കു മുകളിലാണ്.
പറന്പിക്കുളം ജലസംഭരണിയിൽ ജലനിരപ്പ് രാവിലെ 1815 അടിയിലെത്തിയതിനാൽ ഒന്നാം മുന്നറിയിപ്പും പുറപ്പെടുവിച്ചു. ചാലക്കുടിപ്പുഴയുടെ കരയിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
4മാറ്റിപ്പാർപ്പിച്ചു
മണ്ണിടിച്ചിലിനെതുടർന്നു പാഞ്ഞാൾ പഞ്ചായത്തിലെ ഒലിപ്പാറക്കുന്നിൽ 42 വീടുകളിലുള്ളവരെയും അകമലയിൽനിന്നു നിരവധി കുടുംബങ്ങളെയും മാറ്റിപ്പാർപ്പിച്ചു. തിരുമിറ്റക്കോട് പഞ്ചായത്തലെ പള്ളിപ്പാടം പൂവാച്ചിക്കുന്നിൽ മണ്ണിടിച്ചിൽഭീഷണിയിലായ മേഖല തഹസീൽദാരുടെ നേതൃത്വത്തിൽ സന്ദർശിച്ചു. മണ്ണിടിച്ചിൽ മുന്നറിയിപ്പിനെതുടർന്നു മാപ്രാണം വാതിൽമാടം കോളനിയിൽനിന്നും കരൂപ്പടന്ന മുസാഫരിക്കുന്നിൽനിന്നും വീട്ടുകാരെ മാറ്റി.
4ഗതാഗതം നിരോധിച്ചു
മാപ്രാണം-പറപ്പൂക്കര റോഡിൽ കെഎൽഡിസി കനാൽ നിറഞ്ഞ് കോന്തിപുലം പാലത്തിനു മുകളിലൂടെ ഒഴുകി. കനാലിനു കുറുകെയുള്ള മാപ്രാണം - ആനന്ദപുരം റോഡിൽ ഗതാഗതവും നിരോധിച്ചു. ഇരിങ്ങാലക്കുട മണ്ഡലത്തിൽ മൂർക്കനാട് സെന്റർ- കാറളം റോഡ്, കാറളം-കരാഞ്ചിറ നന്തി റോഡ്, ആനന്ദപുരം- മാപ്രാണം ചാത്തൻ മാസ്റ്റർ റോഡ് എന്നിവിടങ്ങളിലും ഗതാഗതം നിരോധിച്ചു.
പട്ടിക്കാട് കല്ലിടുക്കിലെ തന്പുരാട്ടിപ്പടി സർവീസ് റോഡിലേക്കു മരങ്ങൾ കടപുഴകിവീണു. വൻതോതിൽ മണ്ണിടിച്ചിലുമുണ്ടായി. ഈ ഭാഗത്തു ഹൈവേയിലൂടെ രണ്ടുവരിയിലാണു ഗതാഗതം.
ചിറ നവീകരണം പാളിയതോടെ കൈനൂരിലെ നൂറുകണക്കിനു വീടുകളിൽ വെള്ളം കയറി. കിഴുപ്പിള്ളിക്കര- പഴുവിൽ റോഡിന്റെ വശത്തുനിന്ന വൻമരം പുത്തൻതോട്ടിലേക്കു കടപുഴകി. റോഡ് തകർന്നു. പൂങ്കുന്നം സീതാറാം മില്ലിനു സമീപം മരക്കൊന്പ് ഒടിഞ്ഞുവീണ് കാൽനടയാത്രികരായ അമ്മയ്ക്കും മകൾക്കും നിസാര പരിക്കേറ്റു. കനാലിലെ ചണ്ടി നീക്കം ചെയ്യാത്തതിനാൽ പുല്ലഴി നിവാസികളും വെള്ളപ്പൊക്കഭീഷണിയിലാണ്. വെള്ളമിറങ്ങിയ എരുമപ്പെട്ടി, നെല്ലുവായ്, കുണ്ടന്നൂർ പ്രദേശങ്ങളിലേക്കു വടക്കാഞ്ചേരി-കുന്നംകുളം റൂട്ടിൽ ബസ് ഗതാഗതം പുനരാരംഭിച്ചു.
4ജലനിരപ്പ് അപകടകരം
ഇരിങ്ങാലക്കുട: ജലനിരപ്പ് അപകടകരമായി ഉയരുന്ന സാഹചര്യത്തില്‍ കേന്ദ്ര ജല കമ്മീഷനാണ്് കരുവന്നൂര്‍ പുഴയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. തീരത്തോടുചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം.
കരുവന്നൂര്‍ പുഴയില്‍ ഇന്നലെ ഉച്ചയോടെ വെള്ളം ഉയര്‍ന്നുതുടങ്ങുകയായിരുന്നു. ഒഴുക്കിനും ശക്തിപ്രാപിച്ചു, അപകടമുന്നറിയിപ്പ് കിട്ടിയതിനെതുടര്‍ന്ന് തീരത്തുള്ളവര്‍ മാറിത്താമസിച്ചുതുടങ്ങി.
പ്രളയകാലത്തെ ജലനിരപ്പിലേക്കു
കരുവന്നൂര്‍ പുഴ
ഇരിങ്ങാലക്കുട: 2018 ലെ പ്രളയകാലത്തില്‍ ഉയര്‍ന്ന വെള്ളത്തിന്റെ അളവിലേക്കു കരുവന്നൂര്‍ പുഴ എത്താന്‍ ഇനി രണ്ടു മീറ്റര്‍മാത്രം വ്യത്യാസം. 2018 ല്‍ ഏഴു മീറ്റര്‍വരെയാണ് പുഴയിലെ ജലനരപ്പ് ഉയര്‍ന്നത്. ഇന്നലെ അഞ്ചു മീറ്ററിനു മുകളില്വരെയയെത്തി.
കലങ്ങിമറിഞ്ഞൊഴുകുന്ന പുഴ പലയിടത്തും കരകവിഞ്ഞ് ഒഴുകുകയാണ്. തീരത്തുള്ള വീടുകളിലേക്കു വെള്ളം കയറിയതിനെതുടര്‍ന്ന് അവര്‍ ബന്ധുവീടുകളിലേക്കും ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്കും താമസം മാറ്റി.
ഇരിങ്ങാലക്കുട ഫയര്‍ഫോഴ്സിന്റെ നേതൃത്വത്തില്‍ രാവിലെ മുതല്‍ റെഗുലേറ്ററിലെ ഷട്ടറുകളില്‍ തടഞ്ഞിരിക്കുന്ന മരത്തടികളും മാലിന്യങ്ങളും നീക്കംചെയ്തു. ക്രെയിന്‍ എത്തിച്ചാണ് വലിയ മരങ്ങള്‍ നീക്കം ചെയ്യുന്നത്.
ഇല്ലിക്കല്‍ റെഗുലേറ്ററിന്റെ രണ്ടു ഷട്ടറുകള്‍ ഇനിയും തുറക്കാനുണ്ട്. അതിന്റെ പണികള്‍ പുരോഗമിക്കുന്നുണ്ട്. രാവിലെതന്നെ പോലീസ് എത്തി ഇല്ലിക്കല്‍ ഡാമിന്റെ ഇരുകവാടങ്ങളും അടച്ചശേഷമാണ് റെഗുലേറ്ററിന്റെ ഷട്ടര്‍ ഉയര്‍ത്തുന്ന പണികള്‍ നടത്തിയത്. ഇല്ലിക്കല്‍ ഡാമിന്റെ കൈവരിപ്പാലത്തിലൂടെയുള്ള സഞ്ചാരം നിരോധിച്ചിട്ടുണ്ട്. പല ഷട്ടറുകളും അപകടാവസ്ഥയിലാണ്. ഷട്ടര്‍ ഉയര്‍ത്തുന്ന പണികള്‍ ഇന്നും തുടരും.