മണ്ണിടിച്ചിൽ ഭീഷണി: അകമല കുന്ന് നിവാസികൾ മാറിത്താമസിക്കാൻ നിർദേശം
1441175
Friday, August 2, 2024 12:57 AM IST
വടക്കാഞ്ചേരി: അകമല കുന്ന് പ്രദേശം അതീവഗുരുതരാവസ്ഥയിലെന്നു ജില്ലാ ദുരന്തനിവാരണ അഥോറിറ്റി. മേഖലയിലെ താമസക്കാരോടു താത്കാലികമായി മാറിത്താമസിക്കാൻ അധികൃതർ ആവശ്യപ്പെട്ടു.
വടക്കാഞ്ചേരി നഗരസഭ ഡിവിഷൻ 16 സെന്ററിലുള്ള കുന്നാണ് അതീവഗുരുതരാവസ്ഥയിലെന്ന് അധികൃതർ വ്യക്തമാക്കിയത്. അകമല പ്രദേശത്തെ മുൻ പഞ്ചായത്ത് മെമ്പർകൂടിയായ സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎയുടെ നിർദേശപ്രകാരം സ്ഥലത്ത് ജിയോളജി, ഗ്രൗണ്ട് വാട്ടർ, സോയിൽ കൺസർവേഷൻ ഉദ്യോഗസ്ഥർ പരിശോധന നടത്തി. തുടർന്നാണ് പ്രദേശത്തെ നൂറോളം കുടുംബങ്ങളോടു താത്കാലികമായി മാറിത്താമസിക്കാൻ നിർദേശം നൽകിയത്.
കനത്ത മഴയിൽ അകമല കുന്നിന്റെ മേൽമണ്ണ് ഏതുസമയത്തും താഴേക്കുപതിക്കാവുന്ന സാഹചര്യമാണുള്ളത്. അതിശക്തമായ നീരുറവയും മണ്ണിന്റെ ബലക്കുറവും കുത്തനെയുള്ള ചരിവും സ്ഥിതി ഗുരുതരമാക്കുന്നുണ്ടെന്നു ഗ്രൗണ്ട്വാട്ടർ ജില്ലാ ഓഫീസർ ഡോ. വി.ബി. മനോജ് പറഞ്ഞു. പ്രദേശത്തെ നീർച്ചാലുകൾ തടഞ്ഞാണ് മേഖലയിൽ നിർമാണപ്രവർത്തനങ്ങൾ നടത്തിയിരിക്കുന്നതെന്നും ഭാവിയിൽ ഇത്തരം നിർമാണപ്രവർത്തനങ്ങൾക്ക് അനുമതി നൽകുന്നതു ദോഷംചെയ്യുമെന്നും സീനിയർ ഹൈഡ്രോളജിസ്റ്റ് ഡോ.എൻ. സന്തോഷ് പറഞ്ഞു.
ഗ്രൗണ്ട് വാട്ടർ ജില്ലാ ഓഫീസർ ബിന്ദു മേനോൻ, നഗരസഭാ ചെയർമാൻ പി.എൻ. സുരേന്ദ്രൻ, തലപ്പിള്ളി തഹസിൽദാർ എം.സി. അനുപമൻ, വടക്കാഞ്ചേരി നഗരസഭാ സെക്രട്ടറി കെ.കെ. മനോജ്, വടക്കാഞ്ചേരി ബിഡിഒ അൻസാർ അഹമ്മദ്, അകമല ഡിവിഷൻ കൗൺസിലർ ബുഷറ റഷീദ് എന്നിവരും സ്ഥലത്തെത്തിയിരുന്നു.
രണ്ടു മണിക്കൂറിനകം ഒഴിയണമെന്നത്
വ്യാജവാർത്ത; ആവർത്തിച്ചാൽ നടപടി
തൃശൂർ: അകമലയിൽനിന്ന് രണ്ടു മണിക്കൂറിനുള്ളിൽ ആളുകളോടു വീടൊഴിയാൻ നിർദേശം നൽകിയതായി പ്രചരിക്കുന്ന വാർത്ത തെറ്റെന്നു ജില്ലാ കളക്ടർ.
അകമല - മാരാത്തുകുന്ന് ഭാഗത്തു മണ്ണിടിച്ചിൽസാധ്യതയുണ്ടെന്നും വിദഗ്ധസംഘം പരിശോധിക്കണമെന്നും 31ന് വടക്കാഞ്ചേരി നഗരസഭ സെക്രട്ടറി കണ്ട്രോൾ റൂമിൽ അറിയിച്ചിരുന്നു. മുൻകരുതൽനടപടിയുടെ ഭാഗമായി മണ്ണിടിച്ചിൽമേഖലയിൽനിന്ന് ആളുകളെ മാറ്റണമെന്നു നിർദേശം നൽകി. 25 കുടുംബങ്ങൾ ബന്ധുവീടുകളിലേക്കും ക്യാന്പുകളിലേക്കും മാറി. വിദഗ്ധസംഘം സ്ഥലം സന്ദർശിച്ചു. ആളുകളെ മാറ്റണമെന്നു തഹസീൽദാർ റിപ്പോർട്ട് ചെയ്തു.
പരിസരത്തുള്ള എട്ടു കുടുംബങ്ങളെയും മാറ്റാൻ നടപടിയെടുത്തിട്ടുണ്ടെന്നും വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്നും കളക്ടർ പറഞ്ഞു. ആവർത്തിച്ചാൽ നടപടി സ്വീകരിക്കേണ്ടിവരും.