കുടുംബങ്ങള്‍ വീടൊഴിയുന്നു: ദുരിതാശ്വാസ ക്യാമ്പുകള്‍ സജീവം
1441173
Friday, August 2, 2024 12:57 AM IST
വടക്കേക്കാട് 38 വീട്ടുകാർ മാറി
പുന്നയൂർക്കുളം: കനത്തമഴയിൽ പുന്നയൂർക്കുളം, വടക്കേക്കാട്, ആറ്റുപുറം മേഖലയിൽ വെള്ളക്കെട്ട് രൂക്ഷമായി. പാടശേഖരങ്ങളില്‍ ജലനിരപ്പ് ഉയര്‍ന്നു.
കോൾപാടത്തിനു നടുവിലൂടെപോകുന്ന ഉപ്പുങ്ങൽ റോഡിൽ വെള്ളംകയറി ഗതാഗതം ഭാഗികമായി തടസപ്പെട്ടു. ഉപ്പുങ്ങൽ പാലായ്ക്കൽ പാടത്തിനു സമീപത്തെ ക്വാർട്ടേഴ്സ് വെള്ളത്തിലായി. ആറ് കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. പുന്നയൂർക്കുളം തൃപ്പറ്റ് മൂലയിൽ കെ.പി. ധർമന്റെ വീട് വെള്ളക്കെട്ടിനെ തുടർന്ന് ഏതുനിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. വീട്ടുകാർ താമസംമാറി. ആറ്റുപുറം, പരൂർ മേഖലയിൽ നിരവധിവീടുകളിൽ വെള്ളംകയറി.
തീരദേശമേഖലകളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവരുടെ വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. പെരിയമ്പലം, അണ്ടത്തോട്, തങ്ങൾപടി, കുമാരൻപടി ഭാഗങ്ങളിലെ ഏക്കറുകണക്കിന് രാമച്ച കൃഷയിടങ്ങളിൽ വെള്ളംകയറി. കപ്പകൃഷിയും വെള്ളക്കെട്ടിലാണ്. ചമ്മന്നൂർ മാഞ്ചിറയ്ക്കൽ ഭഗവതി ക്ഷേത്രം വെള്ളക്കെട്ടിലായി.
ആൽത്തറ കുണ്ടനി ദണ്ഡൻസ്വാമി ക്ഷേത്രത്തിലേക്ക് വെള്ളംകയറി. മാവിൻചുവട് കൂന്നത്തയിൽ കോളനിയിലെ ഒട്ടേറെ വീടുകൾ വെള്ളത്തിലാണ്. വടക്കേക്കാട് പഞ്ചായത്തിലെ ചക്കിത്തറ പ്രദേശങ്ങളില്‍ വീടുകളില്‍ വെള്ളം കയറി. സമീപത്തുകൂടി ഒഴുകുന്ന പെരുന്തോടും കൈത്തോടും കരപൊട്ടിയതാണ് വെള്ളം കയറാന്‍ പ്രധാനകാരണം. ഇവിടെ താമസിക്കുന്ന 38 കുടുംബങ്ങൾ താമസംമാറ്റി.
ചാവക്കാട് 10 വീട്ടുകാർ മാറി
ചാവക്കാട്: കനോലി കനാൽ കരകവിഞ്ഞു. പത്തുവീട്ടുകാർ വീടൊഴിഞ്ഞു. ചാവക്കാട് ടൗണിനോട് ചേർന്നുകിടക്കുന്ന വഞ്ചിക്കടവിൽനിന്നാണ് 10 കുടുംബങ്ങൾ ഒഴിഞ്ഞത്. നാലു വീട്ടുകാർ മണത്തല ഗവ. ഹൈസ്കൂളിലെ ക്യാമ്പിലേക്കും ആറ് വീട്ടുകാർ ബന്ധുവീടുകളിലേക്കും മാറി. ഇവിടെ 16 വീടുകളിലാണ് വെള്ളം കയറിയത്.
ചേർപ്പ്: പഞ്ചായത്തിലെ വിവിധ വാർഡുകളിലെ വെള്ളക്കെട്ടുമൂലം വീടുകൾ ഒഴിഞ്ഞ് ചേർപ്പ് ഗവ. വെക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ 300പേർ അഭയം തേടി. ഇന്നലെ വൈകിയും തങ്ങളുടെ വീടുവിട്ട് ക്യാമ്പിലെത്തിയവരെ പഞ്ചായത്ത് പ്രസിഡന്റ് സുജിഷ കള്ളിയത്തിന്റെയും പഞ്ചായത്ത് അംഗങ്ങളുടെയും നേതൃത്വത്തിൽ പാർപ്പിച്ചു.
ഭക്ഷണമടക്കമുള്ള സൗകര്യങ്ങളും സ്കൂളിൽ ഇവർക്കായി ഒരുക്കിയിട്ടുണ്ട്.