കനോലി കനാൽ കരകവിഞ്ഞു; ഇരുപതോളം വീടുകൾ വെള്ളത്തിലായി
1440943
Thursday, August 1, 2024 2:28 AM IST
കയ്പമംഗലം: എടത്തിരുത്തി പഞ്ചായത്തിലെ പൈനൂർ, ചെന്ത്രാപ്പിന്നി ഈസ്റ്റ് കോഴിത്തുമ്പ് എന്നിവിടങ്ങളിൽ കനോലി കനാൽ കരകവിഞ്ഞു. ഇരുപതോളം വീടുകൾ വെള്ളത്തിലായി. തുടർച്ചയായി പെയ്യുന്ന മഴയും ജില്ലയിലെ ഡാമുകളും തുറന്നതോടെ കനോലി കനാലിലും ജലനിരപ്പ് ഉയർന്നു. താഴ്ന്ന പ്രദേശമായ കോഴിത്തുമ്പ്, പൈനൂർ ഭാഗത്താണു കനാൽ കരകവിഞ്ഞ് വെള്ളം വീട്ടു പറമ്പുകളിലേക്ക് ഒഴുകിയത്. പുഴയിൽ നിന്ന് മൂന്നടിയോളം വെള്ളം ഉയർന്നിട്ടുണ്ട്. മേഖലയിലെ വീടുകൾക്കു ചുറ്റും വെള്ളം കെട്ടിനിൽക്കുന്നുണ്ട്.
പുഴയിൽ കൂടുതൽ വെള്ളം ഉയരുന്നതോടെ മറ്റുപ്രദേശങ്ങളും വെള്ളക്കെട്ടിലാകാനിടയുണ്ട്. വെള്ളം കയറിയ ഭാഗത്തെ ആറു കുടുംബങ്ങളെ ചാമക്കാല ഗവ. മാപ്പിള ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിലേക്കു മാറ്റി. അഞ്ച്, ആറ് എന്നീ വാർഡുകളിൽ ഉള്ളവരാണ് ക്യാമ്പിലുള്ള കൂടുതൽ പേരും.
പൈനൂരിലെ ഒരു കുടുംബത്തെ ആൽഫ കെയർ ഹോമിലേക്കും മാറ്റിയിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ചന്ദ്രബാബു ഉൾപ്പെടെയുള്ള ജനപ്രതിനിധികളും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും ക്യാമ്പിൽ സജീവമാണ്. ദുരിതാശ്വാസ ക്യാമ്പിൽ എല്ലാവിധ സംവിധാനങ്ങളും ഒരുക്കിയിട്ടുള്ളതായി അധികൃതർ അറിയിച്ചു.