വീടുകളും റോഡുകളും വെള്ളക്കെട്ടിൽ
1440938
Thursday, August 1, 2024 2:28 AM IST
പാവറട്ടി: മുല്ലശേരിയിലും എളവള്ളിയിലും ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.
മുല്ലശേരി ഗ്രാമപഞ്ചായത്തിലെ അന്നകര, പേനകം, മധുക്കര, എലവത്തൂർ എന്നീ പ്രദേശങ്ങളിലാണ് രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുള്ളത്. പരപ്പുഴ പാലം മുതൽ അന്നകരവരെ റോഡുമുറിഞ്ഞ് ശക്തമായി വെള്ളം ഒഴുകുന്നതിനാൽ ഇതുവഴിയുള്ള വാഹന ഗതാഗതം ഭാഗികമായി നിയന്ത്രിച്ചിട്ടുണ്ട്. പേനകം, എലവത്തൂർ, മധുക്കര, റോഡുകളിൽ കനത്ത വെള്ളക്കെട്ടാണ്. ഈ മേഖലയിലെ വീടുകൾ ഒറ്റപ്പെട്ട അവസ്ഥയിലാണ്. മഴ ശക്തമായി തുടരുന്നതും വാഴാനി ഡാമിൽനിന്നുള്ള വെള്ളം കടാംതോട് വഴിയും പരപ്പുഴ വഴിയും ഒഴുകിയെത്തിയതാണ് കനത്ത വെള്ളക്കെട്ടിന് ഇടയാക്കിയത്. മുല്ലശേരി ഗ്രാമപഞ്ചായത്തിൽ വെള്ളക്കെട്ട് രൂക്ഷമായതിനെ തുടർന്ന് രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചു.
അന്നകര ഗവ. എൽപി സ്കൂളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിൽ 70 കുടുംബങ്ങളും പെരുവല്ലൂർ മിനി അംബേദ്കർ കമ്യൂണിറ്റി ഹാളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിൽ ആറു കുടുംബങ്ങളും എത്തിയിട്ടുണ്ട്. തണ്ണീർ കായൽ മേഖലയിൽ വെള്ളക്കെട്ട് കൂടിവരുന്നതിനാൽ മുല്ലശേരി ഇഎംഎസ് കമ്യൂണിറ്റി ഹാളിൽ മൂന്നാമത്തെ ദുരിതാശ്വാസ ക്യാമ്പ് ആരംഭിക്കുന്നതിനുള്ള തയാറെടുപ്പിലാണ് അധികൃതർ. പേനകത്തും പറമ്പൻതളിയിലും ചെറിയതോതിൽ കുന്നിടിഞ്ഞതോടെ മൂന്നുവീട്ടുകാരെ മാറ്റിതാമസിപ്പിച്ചതായും മുല്ലശേരി പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ജയരാജ് അറിയിച്ചു.
എളവള്ളി ഗ്രാമപഞ്ചായത്തിൽ കനത്ത വെള്ളക്കെട്ടിനെ തുടർന്ന് വാക മാലതി യുപി സ്കൂളിലും എളവള്ളി ഗവ. ഹൈസ്കൂളിലും ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങി എളവള്ളി ഹൈസ്കൂളിൽ 81 കുടുംബങ്ങളും വാക മാലതി യുപി സ്കൂളിൽ ഒമ്പതു കുടുംബങ്ങളുമാണ് എത്തിയിട്ടുള്ളത്. താമരപ്പിള്ളി, ചിറ്റാട്ടുകര, കടവല്ലൂർ മേഖലകളിൽ വെള്ളക്കെട്ട് വർധിച്ചുവരുന്നതിനാൽ ചിറ്റാട്ടുകര ഹൈസ്കൂളിലും ദുരിതാശ്വാസക്യാമ്പ് ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് പഞ്ചായത്ത് അധികൃതർ.
വാക കാക്കത്തുരുത്ത് പ്രദേശം വെള്ളക്കെട്ടിനെ തുടർന്ന് ഒറ്റപ്പെട്ട നിലയിലാണ്. ഇവിടേക്കുള്ള ഏക റോഡ് പൂർണമായും മുങ്ങിയ നിലയിലാണ്. 19 കുടുംബങ്ങൾ ഇവിടെ താമസിക്കുന്നുണ്ട്. കാക്കതുരുത്തിയിലേക്ക് അത്യാവശ്യഘട്ടങ്ങളിൽ പോകുന്നതിനായി ബോട്ട് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. കണിയാംതുരുത്തിലേക്കുള്ള റോഡും മുങ്ങിയ നിലയിലാണ്. ഇവിടെനിന്നു 19 കുടുംബങ്ങളെ ബന്ധുവീടുകളിലേക്കും ദുരിതാശ്വാസക്യാമ്പുകളിലേക്കുമായി മാറ്റിയിട്ടുണ്ട്.