വയനാടിനായി തൃശൂർ
1440933
Thursday, August 1, 2024 2:28 AM IST
തൃശൂർ: വയനാട്ടിലെ പ്രളയക്കെടുതിയിൽ ദുരിതത്തിലായവർക്കു കൈത്താങ്ങായി തൃശൂർ. അഞ്ചു ലോഡ് അവശ്യവസ്തുക്കളുമായി പിക്കപ്പ് ട്രക്കറിലും ടെന്പോ ട്രാവലറിലും ജീപ്പുകളിലുമായി ദുരിതബാധിതപ്രദേശത്തേക്കു പുറപ്പെട്ടു.
ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിൽ അയ്യന്തോൾ കളക്ടറേറ്റിലെ അനക്സ് ഹാളിൽ ശേഖരിച്ച ദുരിതാശ്വാസസാമഗ്രികൾ, മറ്റ് അവശ്യവസ്തുക്കൾ എന്നിവ എത്തിക്കാൻ ആയിരങ്ങളാണ് പങ്കുചേർന്നത്. വ്യക്തികൾ, സ്ഥാപനങ്ങൾ, സന്നദ്ധസംഘടനകൾ തുടങ്ങി സമൂഹത്തിന്റെ വ്യത്യസ്തമേഖലയിലുള്ളവർ യജ്ഞത്തിന്റെ ഭാഗമായി.
അവശ്യവസ്തുക്കളുടെ ശേഖരണം താത്കാലികമായി നിർത്തിയതായി ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. സ്ഥിതിഗതികൾ വിലയിരുത്തി തുടർനടപടികൾ സ്വീകരിക്കും. അരി, കുടിവെള്ളം, പായ്ക്ക് ചെയ്ത ഭക്ഷ്യസാമഗ്രികൾ, പുതിയ വസ്ത്രങ്ങൾ, പുതപ്പുകൾ, പായകൾ, തലയണകൾ, മറ്റ് അനുബന്ധസാമഗ്രികൾ, ശുചീകരണ സാധനങ്ങൾ, സോപ്പ്, സോപ്പുപൊടി, ബ്ലീച്ചിംഗ് പൗഡർ, ടൂത്ത് പേസ്റ്റ്, ബ്രഷ്, ബിസ്കറ്റ്, റസ്ക്, സാനിറ്ററി നാപ്കിൻ, ടവൽ തുടങ്ങിയ സാമഗ്രികളാണ് അയച്ചത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ്, ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ തുടങ്ങിയവർ സന്നിഹിതരായി.
ദുരിതാശ്വാസനിധിയിലേക്കു
സംഭാവന നൽകി
തൃശൂർ: കേരളത്തിലെ പ്രമുഖ കലാ സാംസ്കാരിക സാമൂഹിക രാഷ്ട്രീയ പ്രവർത്തകരുടെ വാട്സാപ് കൂട്ടായ്മയായ ഞാറ്റുവേല മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് രണ്ടു ലക്ഷം രൂപ സംഭാവന നൽകി. കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദ്, കവി പി.എൻ. ഗോപീകൃഷ്ണൻ, പി.എസ്. ഷാനു, അഷ്റഫ് പേങ്ങാട്ടയിൽ എന്നിവരാണ് കളക്ടറേറ്റിലെത്തി ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യനു തുക കൈമാറിയത്.