പ്രളയസമാനം ജില്ല; 2430 പേർ ദുരിതാശ്വാസ ക്യാന്പുകളിൽ
1440813
Wednesday, July 31, 2024 6:59 AM IST
കനത്ത മഴയിൽ തൃശൂർ ജില്ലയിൽ പ്രളയസമാന സാഹചര്യം. വ്യാപകനാശം. ജനജീവിതം താറുമാറായി. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശനം നിരോധിച്ചു. ചാലക്കുടി-മലക്കപ്പാറ വഴിയുള്ള യാത്രയ്ക്കു നിയന്ത്രണം.
ആറു താലൂക്കുകളിലെ 73 ദുരിതാശ്വാസ ക്യാന്പുകളിലേക്ക് 917 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ആകെ 2490 പേർ ക്യാന്പുകളിൽ. പുഴയോരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നു ജില്ലാ ഭരണകൂടം അറിയിച്ചു. ദുരിതബാധിതമേഖലകളിൽ ഫയർഫോഴ്സിന്റെയും എൻഡിആർഎഫിന്റെയും സംഘങ്ങൾ രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി. തൃശൂർ, ചാലക്കുടി, തലപ്പിള്ളി താലൂക്കുകളിൽ സിവിൽ ഡിഫൻസ് വോളന്റിയർമാർക്കു ചുമതല നൽകി.
പീച്ചി, വാഴാനി, പെരിങ്ങൽകുത്ത്, പൂമല, അസുരൻകുണ്ട്, പത്താഴക്കുണ്ട് അണക്കെട്ടുകൾ തുറന്നു. തുണക്കടവ് ഡാം തുറന്ന് വെള്ളം പെരിങ്ങൽകുത്തിലേക്ക് ഒഴുക്കി. തമിഴ്നാട് ഷോളയാർ ഡാം തുറന്നു വെള്ളം കേരള ഷോളയാറിലേക്ക് ഒഴുക്കി. പീച്ചി ഡാം തുറന്നതോടെ പീച്ചി - കണ്ണാറ റോഡിലും നിരവധി വീടുകളിലും വെള്ളം കയറി. വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷനിലെ നാലു ട്രാക്കുകളിൽ രണ്ടെണ്ണം പൂർണമായും വെള്ളത്തിനടിയിലായി.
ഉത്രാളിക്കാവ് ക്ഷേത്രത്തിനു ചുറ്റുമുള്ള പാടം പൂർണമായും മുങ്ങി. വടക്കാഞ്ചേരി ടൗണിനോടു ചേർന്നുള്ള ചാലിപ്പാടം, ഡിവൈൻ ആശുപത്രി, സ്കൂൾ ഗ്രൗണ്ട്, മാരാത്തുകുന്ന്, പുല്ലാനിക്കാട്, കുമരനെല്ലൂർ മംഗലം, കല്ലംകുണ്ട് എന്നീ പ്രദേശങ്ങളിൽ വെള്ളം കയറി. ചേലക്കര ടൗണിലും പുതുപ്പാലം, ജീവോദയ ആശുപത്രിപരിസരങ്ങളിൽ വെള്ളം കയറി. ഗതാഗതവും തടസപ്പെട്ടു.
എരുമപ്പെട്ടി നെല്ലുവായ്, പഴവൂർ, തയ്യൂർ എന്നീ മേഖലകളിലെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.
ചാലക്കുടിപ്പുഴയിലെ ജലവിതാനം ഉയർന്നതോടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളംകയറി. അതിരപ്പിള്ളി റോഡിലെ കാഞ്ഞിരപ്പിള്ളിയിൽ ഗതാഗതം നിലച്ചു. വെള്ളാഞ്ചിറ, ചാലക്കുടി റെയിൽവേ അടിപ്പാത, അന്നനാട്, ചാത്തഞ്ചാൽ എന്നിവിടങ്ങളിലും ഗതാഗതം സ്തംഭിച്ചു. ഡിവൈൻ, എരുമപ്പാടം കോളനിയിലുള്ള എല്ലാവരെയും ദുരിതാശ്വാസ ക്യാന്പുകളിലേക്കു മാറ്റി.
പീച്ചി ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തിയതിനു പിന്നാലെ വാട്ടർ അഥോറിറ്റിയുടെ പന്പിംഗ് ലൈൻ തകർന്നു. പാണഞ്ചേരി പഞ്ചായത്തിലേക്കുള്ള കുടിവെള്ളവിതരണം മുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. പുലിയന്നൂർ പാത്രമംഗലം പുഴ കരകവിഞ്ഞ് റോഡിൽ വെള്ളംകയറി. ചെന്പൂത്ര - പട്ടിക്കാട് റോഡിലും പറവട്ടാനി നെല്ലങ്കര മാർ തിമോത്തിയൂസ് ആശുപത്രിയിലും പൂവണി അന്പലം പരിസരത്തും വെള്ളംകയറി. ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ പട്ടാന്പി പാലം അടച്ചു.
കനത്ത മഴയും പീച്ചി ഡാം തുറന്ന് ഒഴുക്കിവിടുന്ന വെള്ളവുമായതോടെ മണലിപ്പുഴ കരകവിഞ്ഞ് പുത്തൂർ - നടത്തറ പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. മൂർക്കനിക്കര, കൈനൂർ, പുഴമ്പള്ളം, വലക്കാവ് എന്നിവിടങ്ങളിലാണ് വെള്ളം കയറിയത്.
പുത്തൂർ - മാന്ദാമംഗലം റൂട്ടിൽ ഗതാഗതം തടസപ്പെട്ടു. പുത്തൂർ പാലത്തിനുസമീപം വെള്ളം കരകവിഞ്ഞ് റോഡിലേക്ക് ഒഴുകിയതിനെതുടർന്നാണ് ഗതാഗതം തടസപ്പെട്ടത്. പ്രദേശത്തെ മുഴുവൻപേരെയും പഞ്ചായത്ത് അധികൃതർ ഒഴിപ്പിച്ചു.
മൂർക്കനിക്കര സെന്റർ വെള്ളക്കെട്ടിലായി. വടം ഉപയോഗിച്ചാണ് ആളുകളെ കടത്തിവിട്ടത്.
പുത്തൂർ പഞ്ചായത്ത് പരിധിയിൽ മൂന്നു ദുരിതാശ്വാസക്യാമ്പുകൾ പ്രവർത്തനം ആരംഭിച്ചു. പുത്തൂർ ഗവ. എൽപി സ്കൂൾ, മരത്താക്കര പള്ളി സ്കൂൾ, കൈനൂർ ശിവക്ഷേത്ര ഹാൾ എന്നിവിടങ്ങളിലാണ് ക്യാമ്പ് തുറന്നത്. നടത്തറ പഞ്ചായത്തിലെ മൂർക്കനിക്കര തിരുമാനാംകുന്ന് ക്ഷേത്രം ഹാൾ, കൊഴുക്കുള്ളി സ്വരാജ് യുപി സ്കൂൾ, വക്കാവ് സെന്റ് ജോസഫ് പള്ളി എന്നിവിടങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തനം ആരംഭിച്ചു.
തൃശൂർ നഗരത്തിൽ സ്വരാജ് റൗണ്ടിൽ വെള്ളക്കെട്ട് രൂക്ഷമായി. വിയ്യൂർ, പെരിങ്ങാവ് തോടുകൾ കവിഞ്ഞു. പെരിങ്ങാവ് പള്ളിമൂല റോഡിലും വെള്ളം കയറി. പെരിങ്ങാവിൽ അറുപതോളം വീട്ടുകാരെ മാറ്റി പ്പാർപ്പിച്ചു. മുക്കാട്ടുകരയിലും നെട്ടിശേരിയിലും വെള്ളംകയറി. മുക്കാട്ടുകര - നെല്ലങ്കര റോഡ് അടച്ചു. ചേലക്കോട്ടുകരയിൽനിന്നും മുണ്ടുപാലത്തേക്കു പോകുന്ന വഴിയും അടച്ചു.
സ്വന്തം ലേഖകർ