കനത്ത മഴ... കനത്ത നാശം
1436868
Thursday, July 18, 2024 1:37 AM IST
ഇരിങ്ങാലക്കുട: മൂന്നുദിവസമായി പെയ്ത കാറ്റിലും മഴയിലും മരങ്ങള്‍വീണ് വീടുകള്‍ തകര്‍ന്നു. കരുവന്നൂര്‍, കാറളം, പൂമംഗലം, പടിയൂര്‍ പ്രദേശങ്ങളിലാണു മരങ്ങള്‍വീണ് വീടുകള്‍ക്കു കേടുപാടുകള്‍ സംഭവിച്ചത്.
പലയിടത്തും വൈദ്യുതി തടസപ്പെട്ടു. കനത്തമഴയില്‍ പലയിടത്തും വെള്ളം കയറി. ഇന്നലെ ഉച്ചയോടെ മഴ കുറഞ്ഞതോടെയാണ് റോഡുകളില്‍നിന്നും മറ്റും വെള്ളം താഴ്ന്നത്. കാറളം കൊറ്റംകോട് പാലത്തിലെ തുറന്നിട്ടിരിക്കുന്ന ഷട്ടറുകള്‍ കോടായതിനെത്തുടര്ന്ന് ഉയര്‍ത്താന്‍ കഴിയാത്ത ബാക്കിയുള്ള ഷട്ടറുകള്‍ ഉയര്‍ത്താനുള്ള പ്രവൃത്തികള്‍ ഇന്നലെ ആരംഭിച്ചു. ക്രെയിന്‍ ഉപയോഗിച്ചാണു തുറക്കുന്നത്. മഴയിലും കാറ്റിലും പലയിടത്തും മരങ്ങള്‍ വീണ് നാശനഷ്ടം സംഭവിച്ചു. ഇരിങ്ങാലക്കുട നഗരസഭാ പരിധിയില്‍ ചേലൂര്‍ കളത്തുംപടി പാലത്തിനു സമീപം കെഎസ്ഇയുടെ കിഴക്കേ ഗേറ്റിന് സമീപം മരം വീണു. കമ്പനിയിലെ ജീവനക്കാര്‍ മരം മുറിച്ചുനീക്കി. കരുവന്നൂര്‍ പുത്തന്‍വീട്ടില്‍ നാരായണന്റെ വീടിനുമുകളില്‍ രാത്രി പെയ്ത മഴയിലും കാറ്റിലും തേക്കുമരം വീണു നാശനാഷ്ടം സംഭവിച്ചു.
പൂമംഗലം പഞ്ചായത്ത് 11-ാം വാര്‍ഡില്‍ എടക്കുളം വലിയവീട്ടില്‍ സുമേഷിന്റെ വീടിനു മുകളിലേക്കു തൊട്ടടുത്ത വീട്ടുപറമ്പിലെ തേക്കുമരം വീണ് വീടിന്റെ മുന്‍വശം തകര്‍ന്നു. പടിയൂര്‍ പഞ്ചായത്ത് ആറാം വാര്‍ഡില്‍ മടത്തിപ്പറമ്പില്‍ വീട്ടില്‍ അനില്‍കുമാറിന്റെ വീടിന്റെ മുകളിലേക്കു സമീപത്തെ പറമ്പിലെ മരംവീണു. കാറളം പഞ്ചായത്ത് വാര്‍ഡ് ഒന്നില്‍ ചുള്ളിക്കാട്ടില്‍ ലാലുവിന്റെ ഓടിട്ട വീടിനു മുകളില്‍ മരംവീണ് വീടിനു കേടുപാട് സംഭവിച്ചു.
വാര്‍ഡ് ഒന്‍പതില്‍ കോര്ണാട്ട് ചന്ദ്രികയുടെ ഓടിട്ട വീടിനു മുകളില്‍ സമീപത്തെ പറമ്പില്നിന്നിരുന്ന പന വീണു. വാര്‍ഡ് 15ല്‍ വാക്കയില്‍ സുധാകരന്റെ ഓടിട്ട വീടിനു മുകളിലും മരംവീണു. മണപ്പെട്ടി ലളിതയുടെ ടെറസിനു മുകളിലേക്കു മരക്കൊമ്പുവീണു കേടുപറ്റി.കൊരുമ്പിശേരി നാണംതോട് റോഡില്‍ വൈദ്യുതിലൈനിനു മുകളില്‍ മരം വീണ് വൈദ്യുതക്കാല് തകര്‍ന്നു. കമ്പി പൊട്ടിവീണതിനെത്തുടര്‍ന്ന് ഇതുവഴിയുള്ള വൈദ്യുതി നിലച്ചു. തുമ്പൂര്‍ അയ്യപ്പന്‍കാവ് ക്ഷേത്രത്തിനു മുന്നില്‍ വലിയ ആല്‍മരം കടപുഴകി. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. അമ്പലത്തിന്റെ എതിര്‍ദിശയിലേക്കാണു വീണത്. അതിനാല്‍ മറ്റു നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ല.
കാറളം പഞ്ചായത്തില്‍ ആലുക്കക്കടവ്, ചെങ്ങാനിപ്പാടം പ്രദേശങ്ങളില്‍ വീടുകളില്‍ വെള്ളം കയറിയതോടെ കാറളം എഎല്‍പിഎസ് സ്കൂളില്‍ ക്യാമ്പ് ആരംഭിച്ചു. അഞ്ച് കുടുംബങ്ങളില്‍ നിന്നായി കുട്ടികള്‍ അടക്കം 16 പേരാണു ക്യാമ്പില്‍ ഉള്ളത്. നാലു കുടുംബങ്ങള്‍ ബന്ധുവീടുകളിലേക്ക് മാറിയിട്ടുണ്ട്. കാറളം നന്തിയിലെ ഐഎച്ച്ഡിപി കോളനിയും വെള്ളക്കെട്ടിന്റെ ഭീഷണിയിലാണ്. കാറളത്ത് കഴിഞ്ഞ ദിവസങ്ങളിലായി മരങ്ങള്‍ വീണ് നാല് വീടുകള്‍ക്ക് ഭാഗിക നഷ്ടം സംഭവിച്ചിരുന്നു.
കാട്ടൂര്‍ പഞ്ചായത്തില്‍ ചെമ്പന്ച്ചാല് പ്രദേശം വെള്ളക്കെട്ടിന്റെ ആശങ്കയിലാണ്. ഇവിടെ ഒരു വീട്ടില്‍ വെള്ളം കയറിയിട്ടുണ്ട്. വാര്‍ഡ് രണ്ടില്‍ കരാഞ്ചിറ പ്രദേശത്ത് മരംവീണ് നായരുപറമ്പില്‍ ശശിയുടെ കടയ്ക്ക് നഷ്ടങ്ങള്‍ നേരിട്ടിരുന്നു. പടിയൂര്‍ പഞ്ചായത്തില്‍ മഠത്തിപറമ്പില്‍ അനില്‍കുമാറിന്റെ വീടിനു മുകളില്‍ മരംവീണ് ഭാഗികമായി തകര്‍ന്നിട്ടുണ്ട്. പൂമംഗലം പഞ്ചായത്തില്‍ എടക്കുളം എലമ്പലക്കാട്ട് ക്ഷേത്രത്തിന് അടുത്ത് മൂന്നു വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. രണ്ട് കുടുംബങ്ങള്‍ ബന്ധുവീടുകളിലേക്കു മാറി.
മുസാഫരിക്കുന്നില്‍
മണ്ണിടച്ചില്‍
കരൂപ്പടന്ന: മുസാഫരിക്കുന്നില്‍ കനത്തമഴയുടെ ഭാഗമായുള്ള മണ്ണിടിച്ചിലില്‍ അടുക്കളയോടുചേര്‍ന്ന ഭാഗം തകര്‍ന്നു.
കരൂപ്പടന്ന ടൗണ്പള്ളിക്കു സമീപം എടവഴിക്കല്‍ സിറാജിന്റെ അടുക്കളയോടുചേര്‍ന്ന ഭാഗമാണു പൂര്‍ണമായി തകര്‍ന്നത്. രാവിലെ വലിയ ശബ്ദത്തോടെ മണ്ണിടിഞ്ഞു വീടിനു മുകളിലേക്കു വീഴുകയായിരുന്നുവെന്ന് സിറാജ് പറഞ്ഞു. അടുക്കളയുടെ ഭാഗത്ത് ആരും ഇല്ലാതിരുന്നതിനാല്‍ അപകടം ഒഴിവായി. ഒരു ചെറിയ പ്ലാവും ഇതോടൊപ്പം കടപുഴകി വീടിനു മുകളിലേക്കു വീണിട്ടുണ്ട്. വീടിനകത്തെ ചുമരിനും കേടുപാടുകള്‍ ഉണ്ടായിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് എം.എം. മുകേഷ്, വാര്‍ഡംഗം എം.എച്ച്. ബഷീര്‍, തെക്കുംകര വില്ലേജ് ഓഫീസര്‍ തുടങ്ങിയവര്‍ സംഭവസ്ഥലത്തെത്തി. നാശനഷ്ടങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാന്‍ പഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനീയറോട് ആവശ്യപ്പെട്ടതായും അതിനുശേഷം സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും എം.എം. മുകേഷ് പറഞ്ഞു. വീടിനു മുകളില്‍നിന്ന് മണ്ണ് മാറ്റാനാവശ്യമായ നടപടികള്‍ സ്വീകരിച്ചതായി വാര്‍ഡംഗം എം.എച്ച്. ബഷീര്‍ പറഞ്ഞു.
എടത്തിരുത്തിയിൽ കൃഷിനാശം
കയ്പമംഗലം: രണ്ടു ദിവസമായി പെയ്യുന്ന കനത്തമഴയിലും കാറ്റിലും എടത്തിരുത്തിയിൽ കൃഷിനാശം. ചെന്ത്രാപ്പിന്നി കണ്ണംപുള്ളിപുറം സ്വദേശി പള്ളിപ്പറമ്പിൽ സിദ്ദിഖ് എടത്തിരുത്തി മുനയം പ്രദേശത്തു നടത്തിയിരുന്ന വാഴ, പച്ചക്കറി എന്നീ കൃഷികൾ നശിച്ചു. രണ്ടരയേക്കറോളം സ്ഥലത്താണു വാഴക്കൃഷി നടത്തിയിരുന്നത്. ഇതിൽ നൂറോളം കുലച്ച നേന്ത്രവാഴകൾ ഒടിഞ്ഞുവീണ നിലയിലാണ്. കൂടാതെ പടവലം, കയ്പ എന്നിവയും വെള്ളംകയറി നശിച്ചു. ഓണത്തിനു വിളവെടുക്കാൻ ലക്ഷ്യമിട്ട് മൂന്നൂറോളം നേന്ത്രവാഴകളാണു കൃഷിയിറക്കിയത്. ഇതിൽ വിളവെടുക്കാറായ നൂറോളം വാഴകളാണു നശിച്ചത്.
ഷെഡ് തകർന്നു
വഞ്ചിപ്പുര: കയ്പമംഗലത്ത് കനത്തമഴയിൽ അലങ്കാര മത്സ്യ യൂണിറ്റിന്റെ ഷെഡ് തകർന്നു. വഞ്ചിപ്പുര ബീച്ചിൽ പ്രവർത്തിക്കുന്ന വ്യാസ ഹാച്ചറിയുടെ മേൽക്കൂരയും ചുമരുമാണു തകർന്നത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കൈതവളപ്പിൽ ജഗദീശന്റെ ഉടമസ്ഥതയിലുള്ളതാണ് ഹാച്ചറി. ചെമ്മീൻ വിത്തുൽപ്പാദന കേന്ദമായി തുടങ്ങിയതാണ്. പിന്നിടത് അലങ്കാര മത്സ്യങ്ങളുടെ വളർത്തുകേന്ദ്രമായി മാറി.
കനത്ത മഴയിൽ ആസ്പറ്റോസ് ഷീറ്റ് മേഞ്ഞ മേൽക്കൂര പൂർണമായും തകർന്നു. ടാങ്കിൽ വളർത്തിയിരുന്ന മത്സ്യങ്ങളും ചത്തു. ഏകദേശം രണ്ടുലക്ഷത്തിലധികം രൂപയുടെ നഷ്ടമുള്ളതായി പറയുന്നു.
വൈദ്യുതിപോസ്റ്റുകൾ ഒടിഞ്ഞുവീണു
അതിരപ്പിള്ളി: മലക്കപ്പാറ റോഡിൽ പുളിയിലപ്പാറയ്ക്കും സിദ്ധൻ പോക്കറ്റിനും ഇടയിൽ മുക്കംപുഴ കോളനിക്ക് സമീപം വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞുവീണ് ഗതാഗതം തടസപ്പെട്ടു. രാവിലെ കെഎസ്ആർടിസി ബസ് ഉൾപ്പെടെ വാഹനങ്ങൾ മണിക്കൂറുകളോളം കാത്തുകിടക്കേണ്ടി വന്നു. കെഎസ്ഇബി, ഫോറസ്റ്റ് ജീവനക്കാരും ചേർന്ന് വൈദ്യുതിപോസ്റ്റുകൾ റോഡിൽനിന്നു മാറ്റിയ ശേഷമാണു ഗതാഗതം പുനഃസ്ഥാപിച്ചത്.
മതിലിടിഞ്ഞുവീണു
വെള്ളിക്കുളങ്ങര: കനത്തമഴയില്‍ മറ്റത്തൂരിലെ കോപ്ലിപ്പാടത്ത് വീട്ടുമതില്‍ ഇടിഞ്ഞുവീണു.
കോപ്ലിപ്പാടം കൈതാരത്ത് ഫെ്ലവിന്റെ വീടിനോടു ചേര്‍ന്നുള്ള സംരക്ഷണമതിലാണു മഴയില്‍ നിലംപൊത്തിയത്. വെള്ളിക്കുളങ്ങര വില്ലേജ് ഒാഫീസില്നിന്നുള്ള ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് നാശനഷ്ടം വിലയിരുത്തി.