തീരദേശത്തെ കായികലഹരി രണ്ടാം വർഷത്തിലേക്ക്
1436493
Tuesday, July 16, 2024 1:23 AM IST
കയ്പമംഗലം: മാരകമായ ലഹരിയുടെ വഴികളിൽനിന്ന് വിദ്യാർഥികളെയും യുവാക്കളെയും അകറ്റിനിർത്തുകയെന്ന ലക്ഷ്യത്തോടെ മതിലകം ബ്ലോക്ക് പഞ്ചായത്ത് 14ാം ഡിവിഷൻ മെമ്പർ ആർ.കെ. ബേബിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന കായിക ലഹരി പദ്ധതി രണ്ടാംവർഷത്തിലേക്ക്.
രണ്ടാം വർഷ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഇ.ടി. ടൈസൺ എംഎൽഎ നിർവഹിച്ചു. ബ്ലോക്ക് ഡിവിഷനിൽ ഉൾപ്പെടുന്ന നാല് സ്കൂളുകളിലേക്കു കായിക അധ്യാപകരെ താൽക്കാലികമായി നിയമിക്കുകയും സ്കൂളുകളിലേക്കുവേണ്ട കായിക ഉപകരണങ്ങൾ വാങ്ങി നൽകുകയും ഒരു വർഷത്തോളം നീണ്ടുനിൽക്കുന്ന പരിശീലന ക്യാമ്പുകൾ നടത്തുകയും ചെയ്യുന്നതാണ് ഈ പദ്ധതി.
ജില്ലാ പഞ്ചായത്ത് അംഗം കെ.എസ്. ജയ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ആർ.കെ.ബേബി, സ്പോർട്സ് സൈക്കോളജിസ്റ്റ് ഡോ. ടി. സോണി ജോൺ , പി .എം . അഹമ്മദ്, എക്സൈസ് സിഐ ബാലസുബ്രഹ്മണ്യം, കയ്പമംഗലം എസ്ഐ സൂരജ്, കായിക അധ്യാപകൻ അഖിൽ ചന്ദ്രൻ, മധു, സജിമോൻ, സന്തോഷ്, സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു. പദ്ധതിയിലേക്കുള്ള വിവിധ എസ്എസ്എൽസി ബാച്ചുകളുടേയും പൂർവ അധ്യാപകരുടേയും സാമ്പത്തിക സഹായം ചടങ്ങിൽ ഏറ്റുവാങ്ങി.