നാലമ്പലദര്ശനത്തിനു ഇരിങ്ങാലക്കുടയില്‍നിന്ന് രണ്ട് കെഎസ്ആർടിസി സര്‍വീസുകള്‍
1436490
Tuesday, July 16, 2024 1:23 AM IST
ഇരിങ്ങാലക്കുട: രാമായണമാസത്തില്‍ നാലമ്പലദര്‍ശന സൗകര്യമൊരുക്കി കെഎസ്ആര്‍ടിസി. ഇരിങ്ങാലക്കുടയില്‍നിന്നു രണ്ടു ബസുകള്‍ നാലമ്പല തീര്‍ഥാടന സര്‍വീസ് നടത്തും. കൂടല്‍മാണിക്യം ക്ഷേത്രം കിഴക്കേനടയില്‍ നടന്ന ചടങ്ങില്‍ മന്ത്രി ആര്. ബിന്ദു ബസ് സര്‍വീസ് ഫ്ലാഗ്ഓഫ് ചെയ്തു.
ഇന്നു മുതല്‍ ഓഗസ്റ്റ് 16 വരെ 30 ദിവസവും രാവിലെ നാലിനാണു സര്‍വീസുകള്‍ ആരംഭിക്കുന്നത്.
രാവിലെ നാലിന് ഇരിങ്ങാലക്കുട ഡിപ്പോയില്‍നിന്ന് ആരംഭിക്കുന്ന സര്‍വീസ് തൃപ്രയാര്‍, ഇരിങ്ങാലക്കുട, മൂഴിക്കുളം, പായമ്മല്‍ എന്നിവടങ്ങളിലെ ക്ഷേത്രങ്ങളില്‍ ദര്‍ശനത്തിനു സൗകര്യമൊരുക്കിയശേഷം ഉച്ചയോടെ ഇരിങ്ങാലക്കുടയിലെത്തി സര്‍വീസ് അവസാനിപ്പിക്കും.ഒരാള്‍ക്ക് 310 രൂപയാണ്.
ഒരു ബസില്‍ 51 പേര് വീതം രണ്ടു ബസിലായി 102 പേര്‍ക്ക് ഒരുദിവസം നാലമ്പല ദര്‍ശനം നടത്താനാകും.
കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും രാവിലെ ഒന്‍പതിനും നാലിനും ഇടയില്‍ 89211 63326, 0480 2823990 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.